കമല ഹാരിസിന്റെ സംഘത്തിൽ അറബ് വംശജ
Friday, August 30, 2024 12:58 AM IST
വാഷിംഗ്ടൺ ഡിസി: ഗാസ വിഷയത്തിൽ പ്രകോപിതരായ മുസ്ലിം വോട്ടർമാരെ ആകർഷിക്കാനായി അറബ് വംശജയായ അഭിഭാഷകയെ പ്രചാരണസംഘത്തിൽ ഉൾപ്പെടുത്തി കമല ഹാരിസ്.
അമേരിക്കൻ ആഭ്യന്തരവകുപ്പിലെ മുൻ സീനിയർ കോൺസുലർ ബ്രെണ്ട അബ്ദിലാൽ ആണ് കമലയുടെ സംഘത്തിൽ ഉൾപ്പെട്ടത്. നേരത്തേ നസ്രിനാ ബർഗ്സീ എന്ന അഫ്ഗാൻ വംശജയായ അഭിഭാഷകയും കമലയുടെ ടീമിലെത്തിയിരുന്നു.
അമേരിക്കയിലെ ജോ ബൈഡൻ ഭരണകൂടം ഗാസ വിഷയത്തിൽ ഇസ്രയേലിനു നല്കുന്ന പിന്തുണ മുസ്ലിം വോട്ടർമാരെ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് അകറ്റുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ബൈഡന്റെ വൈസ് പ്രസിഡന്റും നവംബർ അഞ്ചിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസിന് ഇതു കനത്ത തിരിച്ചടിയാകാം. അറബ് വോട്ടർമാർക്കു സ്വാധീനമുള്ള മിഷിഗൺ പോലുള്ള സംസ്ഥാനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണു കമലയുടെ നീക്കങ്ങൾ.