ജർമൻ നഗരത്തിൽ ആഘോഷത്തിനിടെ കത്തിയാക്രമണം; മൂന്നു പേർ മരിച്ചു
Sunday, August 25, 2024 1:35 AM IST
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരത്തിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എട്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
നഗരമധ്യത്തിൽ ആഘോഷം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി പത്തിനാണ് ആക്രമണമുണ്ടായത്. വിപുലമായ തെരച്ചിലിനൊടുവിൽ സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന പതിനഞ്ചുകാരനെ ഇന്നലെ അറസ്റ്റ് ചെയ്തു.
ഉരുക്കുവ്യവസായത്തിനു പേരുകേട്ട സോളിങ്ങൻ നഗരം സ്ഥാപിതമായതിന്റെ 650-ാം വാർഷികം നടക്കുന്നതിനിടെയായിരുന്നു സംഭവം.
കണ്ണിൽ കണ്ടവരെ അക്രമി കുത്തുകയായിരുന്നു. എല്ലാവർക്കും കഴുത്തിനാണു കുത്തേറ്റത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. രണ്ടു പുരുഷന്മാരും ഒരു വനിതയുമാണു മരിച്ചത്.
ആക്രമണത്തിന്റെ പ്രേരണ വ്യക്തമല്ല. തീവ്രവാദബന്ധം തള്ളിക്കളയുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റിലായ പ്രതി അറബ് വംശജനാണെന്നു സൂ ചനയുണ്ട്.
അക്രമിയെ പിടികൂടാനായി ജർമൻ പോലീസ് വെള്ളിയാഴ്ച രാത്രി മുതൽ വൻ തെരച്ചിലാണു നടത്തിയത്.
അക്രമിയെ ഉടൻ പിടികൂടി നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്നാണ് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് നിർദേശിച്ചത്.