കലാപം, അനിശ്ചിതത്വം; ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിട്ടു
Wednesday, August 7, 2024 2:52 AM IST
ധാക്ക: ജോലി സംവരണത്തിനെതിരേ വിദ്യാർഥികൾ തുടങ്ങിയ പ്രക്ഷോഭം കലാപഭൂമിയാക്കിയ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീവ്രശ്രമങ്ങൾ. കലാപം രക്തരൂഷിതമായതോടെ തിങ്കളാഴ്ച പ്രധാനമന്ത്രിപദം ഉപേക്ഷിച്ച് ഷേഖ് ഹസീന ഇന്ത്യയിലേക്കു കടക്കുകയും രാജ്യം അരാജകത്വത്തിലേക്കു നീങ്ങുകയുമായിരുന്നു.
ഭരണ നേതൃത്വത്തിന്റെ അഭാവത്തിൽ തലസ്ഥാനമായ ധാക്കയ്ക്കു പുറമേ 27 ജില്ലകളിലും വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനികമേധാവി ജനറല്‍ വഖാര്‍ ഉസ് സമാന് ഇതിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൈനിക സർക്കാരിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥി നേതാക്കൾ.
അനിശ്ചിതത്വം തുടരുന്നതിനിടെ പാർലമെന്റ് പിരിച്ചുവിട്ട് താത്കാലിക സർക്കാർ രൂപീകരണത്തിലേക്കു പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ കടന്നു. എക്സിക്യൂട്ടീവ് ഉത്തരവു പ്രകാരം ജതിയ സൻഗദ് (പാർലമെന്റ്) പ്രസിഡന്റ് പിരിച്ചുവിട്ടുവെന്ന് പ്രസിഡന്റിന്റെ കൊട്ടാരം വക്താവ് ഇന്നലെ അറിയിച്ചു.
മൂന്നു സേനാ തലവന്മാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൗരപ്രമുഖരും വിദ്യാർഥി നേതാക്കളും പ്രസിഡന്റുമായി ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായേക്കുമെന്നാണ് സൂചനകൾ.
84 കാരനായ മുഹമ്മദ് യൂനുസുമായി സംസാരിച്ചുവെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചുവെന്നും വിദ്യാർഥി നേതാക്കളിലൊരാളായ നാഹിദ് ഇസ്ലാം അറിയിച്ചു. സൈനിക സർക്കാരിനെയോ സൈന്യത്തിന്റെ പിന്തുണയോടെയുള്ള സർക്കാരിനെയോ അതുമല്ലെങ്കിൽ ഫാസിസ്റ്റ് സർക്കാരിനെയോ അനുവദിക്കില്ലെന്നും നാഹിദ് പറഞ്ഞു.
രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യമെന്നാണ് ഹസീനയുടെ പുറത്താകലിനെക്കുറിച്ച് ഇപ്പോൾ വിദേശത്തുള്ള മുഹമ്മദ് യൂനുസ് പ്രതികരിച്ചത്. സർക്കാരിന് ആരു നേതൃത്വം നൽകും എന്നതിൽ വ്യക്തതയില്ല. സൈനിക നേതൃത്വത്തില്‍നിന്ന് രണ്ടു പേരുകൾ ചർച്ചകളിലുണ്ട്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ പേരും ഉയർന്നുവരുന്നുണ്ട്. വീട്ടുതടങ്കലിലായിരുന്ന ഇവരെ മോചിപ്പിച്ചതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിരുന്നു.
അതേസമയം 79 കാരിയായ ഖാലിദ കിഡ്നി രോഗം ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനുള്ളിൽ പാർലമെന്റ് പിരിച്ചുവിടണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നുമായിരുന്നു വിദ്യാർഥികൾ മുന്നറിയിപ്പു നൽകിയിരുന്നത്. ഇതേത്തുടർന്നായിരുന്നു ഹസീനയുടെ പലായനം.