ബംഗ്ലാദേശിലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ 32 കുട്ടികളും കൊല്ലപ്പെട്ടു: യുണിസെഫ്
Sunday, August 4, 2024 1:34 AM IST
ധാക്ക: ബംഗ്ലാദേശിൽ കഴിഞ്ഞമാസം അരങ്ങേറിയ സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ 32 കുട്ടികൾ കൊല്ലപ്പെട്ടതായി കുട്ടികൾക്കുവേണ്ടിയുള്ള യുഎൻ ഏജൻസിയായ യുണിസെഫ് അറിയിച്ചു.
ഇതിൽ ഭൂരിഭാഗവും പ്രക്ഷോഭത്തിൽ നേരിട്ടു പങ്കെടുക്കാത്തവരാണ്. മരിച്ചവരിൽ മിക്കവരുടെയും പ്രായം പതിമൂന്നിനടുത്താണ്. ഒരാൾക്ക് അഞ്ചു വയസുപോലും തികഞ്ഞിട്ടില്ല. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്ന് യുണിസെഫ് പറഞ്ഞു.
അതേസമയം, യുണിസെഫിന് എവിടെനിന്നാണ് ഈ കണക്ക് കിട്ടിയതെന്ന് ബംഗ്ലാദേശിലെ വാർത്താവിതരണ സഹമന്ത്രി മുഹമ്മദ് അലി അരാഫത്ത് ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പക്കൽ ഒരു വിവരവുമില്ല. ആരു കൊല്ലപ്പെട്ടാലും അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ജോലികളിലെ സംവരണം റദ്ദാക്കാനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സമരത്തെ ഉരുക്കുമുഷ്ഠികൊണ്ടൊണ് ബംഗ്ലാ സർക്കാർ നേരിട്ടത്. ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയുണ്ടായി.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംവരണം സർക്കാർ പിൻവലിച്ചെങ്കിലും അറസ്റ്റിലായ വരുടെ മോചനം ആവശ്യപ്പെട്ട് ചെറുകിട പ്രകടനങ്ങൾ നടക്കുന്നുണ്ട്.