സമ്മർദം കനത്തു; പിന്മാറില്ലെന്നാവർത്തിച്ച് ബൈഡൻ
Sunday, July 21, 2024 12:12 AM IST
വാഷിംഗ്ടൺ ഡിസി: നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഒഴിയണമെന്ന ആഹ്വാനങ്ങൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും തള്ളി.
താൻതന്നെയാണ് സ്ഥാനാർഥിയെന്നും നമ്മളൊരുമിച്ചു വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് ഡെലാവറിലെ വസതിയിൽ കഴിയുന്ന ബൈഡൻ ഈയാഴ്ച പ്രചാരണത്തിൽ മടങ്ങിയെത്തും.
ഇതിനിടെ സ്ഥാനാർഥിത്വം ഉപേക്ഷിക്കുന്നതിനായി ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ബൈഡനുമേൽ സമ്മർദം വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ തോൽപ്പിക്കാൻ ബൈഡനു കഴിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയും മുൻ സ്പീക്കർ നാൻസി പെലോസിയും ഈ അഭിപ്രായക്കാരാണെന്നു പറയുന്നു.
ബൈഡൻ ഒഴിഞ്ഞാൽ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർഥിയാകാനാണ് സാധ്യത. അതേസമയം, കമല ഹാരിസ് ബൈഡന് ഉറച്ച പിന്തുണ ആവർത്തിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് പാർട്ടി ഓഗസ്റ്റ് ആദ്യം സ്ഥാനാർഥിയെ ഔദ്യോഗിമായി പ്രഖ്യാപിക്കും.