ഹമാസ് തലവനെ ലക്ഷ്യമിട്ട് ഇസ്രേലി വ്യോമാക്രമണം; നിരവധി മരണം
Sunday, July 14, 2024 12:51 AM IST
കയ്റോ: ഗാസയിൽ ഇസ്രേലി സേന സുരക്ഷിതമെന്നു പ്രഖ്യാപിച്ച മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെടുകയും 289 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഖാൻ യൂനിസ് നഗരത്തിനടുത്ത് അൽ-മവാസിയിൽ ആയിരുന്നു ആക്രമണം.
ഹമാസിന്റെ സൈനികവിഭാഗം തലവൻ മുഹമ്മദ് ദെയിഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു. ഹമാസ് തീവ്രവാദികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും സിവിലിയന്മാർ ഇല്ലായിരുന്നുവെന്നും സേന കൂട്ടിച്ചേർത്തു.
ഹമാസിന്റെ സൈനികവിഭാഗമായ അൽ ഖ്വാസം ബ്രിഗേഡിന്റെ തലവനായ മുഹമ്മദ് ദെയിഫ് ഗാസയിൽ ഒളിച്ചുകഴിയുന്നതായിട്ടാണ് അനുമാനം.
ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ 1200 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഇയാളാണെന്നു കരുതുന്നു. ഇസ്രേലി സേനയുടെ പല വധശ്രമങ്ങളെയും ഇയാൾ അതിജീവിച്ചിട്ടുണ്ടെന്നും പറയുന്നു.
ദെയിഫിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡിന്റെ തലവൻ റഫാ സലാമയെയും ഇസ്രയേൽ ഉന്നമിട്ടിരുന്നു. ഇരുവരുടെയും ഇപ്പോഴത്തെ അവസ്ഥ വ്യക്തമല്ല. ഇവർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.