ഹൂതികൾ കപ്പലാക്രമിച്ചു
Monday, June 24, 2024 3:29 AM IST
ദോഹ: യെമനിലെ ഹൂതികൾ ചെങ്കടലിൽ നടത്തിയ ആക്രമണത്തിൽ ചരക്കുകപ്പലിനു കേടുപാടുണ്ടായതായി റിപ്പോർട്ട്. ഇന്നലെ രാവിലെ ഹൊദെയ്ദ തുറമുഖത്തിനു സമീപം ആകാശ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത കപ്പൽ ചൈനയിലേക്കു പോകുകയായിരുന്നു. കപ്പലിലെ നാവികർക്ക് അപായം സംഭവിച്ചിട്ടില്ല. ഹൂതികൾ ഇന്നലെ ചെങ്കടലിലെ ചരക്കുകപ്പലുകൾക്കു നേർക്ക് മൂന്നു ജല ഡ്രോണുകളും പ്രയോഗിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസികൾ അറിയിച്ചു. ഡ്രോണുകളെ യുഎസ് സേന വെടിവച്ചിട്ടു. ശനിയാഴ്ചയും ഹൂതികൾ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടിരുന്നു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു ഹൂതികളുടെ ആക്രമണം. ഇസ്രയേൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ മാത്രമേ ആക്രമിക്കൂ എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനിലേക്കു പോയ കപ്പലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹൂതികൾ ഇതുവരെ നടത്തിയ അറുപതിലധികം ആക്രമണങ്ങളിൽ നാലു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. രണ്ടു കപ്പലുകൾ മുങ്ങി. ഒരെണ്ണം ഹൂതികൾ പിടിച്ചെടുത്തു.