പുടിന് ചുവപ്പു പരവതാനി വിരിച്ച് വിയറ്റ്നാം; എതിർപ്പുമായി അമേരിക്ക
Friday, June 21, 2024 1:49 AM IST
ഹാനോയി: ഉത്തരകൊറിയയിൽനിന്നു വിയറ്റ്നാമിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കമ്യൂണിസ്റ്റ് ഭരണകൂടം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുടിനും വിയറ്റ്നാം പ്രസിഡന്റ് റ്റൊ ലാമും വ്യക്തമാക്കി.
അടുത്തിടെ നടന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയ പുടിനെ റ്റൊ ലാം അഭിനന്ദിച്ചു. വിയറ്റ്നാമുമായുള്ള തന്ത്രപങ്കാളിത്തത്തിന് റഷ്യ പ്രത്യേക പ്രാധാന്യം നല്കുന്നതായി പുടിൻ പറഞ്ഞു.
ഇതിനിടെ പുടിന്റെ സന്ദർശനം അനുവദിച്ച വിയറ്റ്നാമിനെ വിമർശിച്ച് യുഎസ് രംഗത്തുവന്നു. യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കാൻ പുടിനു വിയറ്റ്നാം വേദി നല്കിയെന്ന് യുഎസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി.
സോവ്യറ്റ് യൂണിയന്റെ കാലം മുതൽ വിയറ്റ്നാമും റഷ്യയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ യുഎസുമായും യൂറോപ്പുമായും വിയറ്റ്നാമിന് നല്ല ബന്ധമുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരായ യുഎൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യാൻ വിയറ്റ്നാം തയാറായില്ല.