പുതിയ വിദ്യാഭ്യാസ ചട്ടക്കൂടുമായി സൗദി അറേബ്യ; ഇസ്രയേൽ വിരുദ്ധ പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽനിന്നു നീക്കി
Tuesday, June 4, 2024 2:09 AM IST
റിയാദ്: സ്കൂൾ പാഠപുസ്തകങ്ങളിലെ ഇസ്രയേൽ വിരുദ്ധ, യഹൂദ വിരുദ്ധ ഭാഗങ്ങൾ നീക്കി സൗദി അറേബ്യ. സഹിഷ്ണുത, സമാധാനം, വിശാല സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ ചട്ടക്കൂടിലേക്ക് പാഠ്യപദ്ധതിയെ മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവയ്പാണ് ഈ നീക്കം.
അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോണിറ്ററിംഗ് പീസ് ആൻഡ് കൾച്ചറൽ ടോളറൻസ് ഇൻ സ്കൂൾ എഡ്യൂക്കേഷൻ(ഇംപ്കാക്ട്-സെ) നടത്തിയ പഠനത്തിലാണ് സൗദി പാഠ്യപദ്ധതിയിൽ ഇസ്രായേൽ വിരുദ്ധ ഉള്ളടക്കത്തിൽ പ്രകടമായ കുറവ് കണ്ടെത്തിയത്.
പാഠപുസ്തകങ്ങളിൽ ഇപ്പോൾ സയണിസം (യഹൂദർ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയമുന്നേറ്റം) ഒരു വംശീയ യൂറോപ്യൻ പ്രസ്ഥാനമാണെന്ന കാര്യമോ 3,000 വർഷം പഴക്കമുള്ള ഈ പ്രദേശത്തെ ചരിത്രപരമായ ജൂതസാന്നിധ്യമോ നിഷേധിക്കുന്നില്ല. കൂടാതെ, പാഠപുസ്തകങ്ങളിൽ ഇസ്രയേലിനെക്കുറിച്ചുള്ള ശത്രുതാപരമായ പരാമർശങ്ങൾ പരിഷ്കരിച്ചിട്ടുമുണ്ട്.
പാഠപുസ്തകങ്ങളിൽനിന്ന് പലസ്തീൻ മാപ്പ് പിൻവലിക്കുകയും ചെയ്തു. വർഷങ്ങളായി നിലനിന്നിരുന്ന ജിഹാദിന്റെ അവശേഷിക്കുന്ന എല്ലാ അക്രമാസക്തമായ വ്യാഖ്യാനങ്ങളും ഈ വർഷത്തെ പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി.
സ്വവർഗാനുരാഗത്തെ "ഭീകരമായ ക്രൂരത' അല്ലെങ്കിൽ എതിർലിംഗത്തെ അനുകരിക്കുന്നത് സാധാരണത്വത്തിൽനിന്നുള്ള വ്യതിചലനമാണെന്ന് അവകാശപ്പെടുന്ന പരാമർശങ്ങളും നീക്കം ചെയ്തു. ലിംഗപരമായ വേഷങ്ങളോടുള്ള പരമ്പരാഗത സമീപനം നിലനിർത്തിക്കൊണ്ടുതന്നെ സ്ത്രീകളെക്കുറിച്ച് ചിത്രീകരിക്കുന്ന ഭാഗങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയുള്ളതായും പഠനം വെളിപ്പെടുത്തി.
പാഠപുസ്തകങ്ങളിൽനിന്ന് യഹൂദവിരുദ്ധവാദങ്ങൾ നീക്കം ചെയ്ത സൗദി പാഠ്യപദ്ധതി വിദഗ്ധർ ഇസ്രായേലിനെ കൂടുതൽ പോസിറ്റീവായി ചിത്രീകരിക്കുന്ന കൂടുതൽ പരിഷ്കാരങ്ങൾ നടത്തിയത് പ്രോത്സാഹജനകമാണെന്നും ഈ മാറ്റങ്ങൾ പ്രദേശത്തിന്റെ മൊത്തത്തിലുള്ള ശുഭകരമായ ഭാവിയിലേക്കുള്ള സൂചകമാണെന്നും ഇംപ്കാക്ട്-സെ സിഇഒ മാർക്കസ് ഷെഫ് പറഞ്ഞു.
സൗദി-ഇസ്രയേൽ ബന്ധം ഊഷ്മളമാക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തിൽ നീക്കം നടന്നുകൊണ്ടിരിക്കെയാണ് പാഠ്യപദ്ധതിയിൽ വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവും തുടർന്നുണ്ടായ ഹമാസ്-ഇസ്രയേൽ യുദ്ധത്തിനിടയിലും ചർച്ചകൾ മുന്നോട്ടുപോകുകയാണ്.
സൗദിയും ഇസ്രയേലും തമ്മിലുള്ള ഇത്തരമൊരു സൗഹൃദകരാർ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രയേലിൽ വലിയതോതിലുള്ള ആക്രമണം നടത്തിയതെന്നും നിഗമനമുണ്ട്.