ബൃഹത് സോമയ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
Saturday, June 1, 2024 1:57 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെ ആധിപത്യം തുടരുന്നു. ഫ്ലോറിഡയിൽനിന്നുള്ള പന്ത്രണ്ടുകാരൻ ബൃഹത് സോമയാണ് ഈ വർഷത്തെ ചാന്പ്യൻ.
90 സെക്കൻഡ് മാത്രമുള്ള ടൈബ്രേക്കറിൽ 30 വാക്കുകളിൽ 29ന്റെയും സ്പെല്ലിംഗ് ബൃഹത് കൃത്യമായി പറഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ ഫൈസൻ സാകിക്ക് 20 വാക്കുകളേ ശരിയാക്കാൻ പറ്റിയുള്ളൂ.
ഏഴാം ക്ലാസിൽ പഠിക്കുന്ന ബൃഹത്തിന്റെ അച്ഛൻ ശ്രീനിവാസ് സോമ തെലങ്കാനയിലെ നൽഗോണ്ടയിൽനിന്ന് യുഎസിലേക്കു കുടിയേറിയതാണ്. ഭഗവദ്ഗീതയുടെ എൺപതു ശതമാനവും ബൃഹത്തിനു മനഃപാഠമാണെന്ന് അച്ഛൻ പറഞ്ഞു.
50,000 ഡോളറും മറ്റു സമ്മാനങ്ങളും ബൃഹത്തിനു ലഭിച്ചു. ഫൈസൻ സാകിക്ക് 25,000 ഡോളറും. ശ്രേയ് പരീഖ്, അനന്യ പ്രസന്ന എന്നിവർ മൂന്നാം സ്ഥാനത്തെത്തി.