കോംഗോയിൽ അട്ടിമറിശ്രമം പരാജയപ്പെടുത്തി
Monday, May 20, 2024 12:52 AM IST
കിൻഷാസ: കോംഗോയിൽ പ്രസിഡന്റ് ഫീലിക്സ് ടിസിക്കെഡിയെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ പ്രസിഡന്റിന്റെ വിശ്വസ്തനും മുൻ ചീഫ് ഓഫ് സ്റ്റാഫുമായ വിറ്റാൽ കെമർഹെയെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. വിറ്റാലിന്റെ വസതിയിൽ ഇരുപതോളം അക്രമികൾ എത്തുകയായിരുന്നു. അക്രമികളും സുരക്ഷാഗാർഡുകളും തമ്മിൽ വെടിവയ്പുണ്ടായി. രണ്ടു ഗാർഡുകളും ഒരക്രമിയും കൊല്ലപ്പെട്ടു.
രാജ്യത്തിനിന്നു പുറത്താക്കപ്പെട്ട രാഷ്ട്രീയ നേതാവായ ക്രിസ്റ്റ്യൻ മലാംഗ നേതൃത്വം നല്കുന്ന ന്യൂ സയർ മൂവ്മെന്റ് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.