വെള്ളപ്പൊക്കം: ബ്രസീലിൽ മരണം 55
Monday, May 6, 2024 1:15 AM IST
ബ്രസീലിയ: ദിവസങ്ങളായി കനത്ത മഴ പെയ്യുന്ന തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ദൊ സുൾ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 55 ആയി. 74 പേരെ കാണാതായിട്ടുണ്ട്.
അഞ്ചു ലക്ഷം പേർ വൈദ്യുതിയുടെയും ശുദ്ധജലത്തിന്റെയും അഭാവം നേരിടുന്നു.
സംസ്ഥാനത്തെ 497 നഗരങ്ങളും മഴക്കെടുതി നേരിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ബെന്റോ ഗോൺസാൽവസ് നഗരത്തിലെ അണക്കെട്ട് തകർന്നാണു 30 പേർ മരിച്ചത്. ഇവിടത്തെ മറ്റൊരു അണക്കെട്ടും തകർച്ചയുടെ വക്കിലാണ്.
സംസ്ഥാന തലസ്ഥാനമായ പോർട്ടോ അലെഗ്രെയിൽ നദി കരകവിഞ്ഞതിനെത്തുടർന്ന് ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി. നഗരത്തിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.