രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ പാക്കിസ്ഥാൻ രംഗത്ത്
Sunday, April 7, 2024 2:26 AM IST
ഇസ്ലാമാബാദ്: ഇന്ത്യൻ മണ്ണിൽ ഭീകരവാദപ്രവർത്തനങ്ങൾ നടത്തി പാക്കിസ്ഥാനിലേക്ക് കടക്കുന്നവരെ അവിടെയെത്തി വധിക്കുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ പാക്കിസ്ഥാൻ രംഗത്ത്.
ഇന്ത്യയിൽ ആക്രമണം നടത്തുന്ന ഭീകരർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുന്നുവെന്ന വിമർശനം പാക് വിദേശകാര്യമന്ത്രാലയം തള്ളി.
രാജ്നാഥ് സിംഗിന്റെ പ്രസ്താവന പ്രകോപനപരവും ഇടുങ്ങിയ ചിന്താഗതിയിൽനിന്നുണ്ടായതാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.
ഇത്തരം വാചകമടികൾ ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രിയാത്മക ഇടപെടലുകൾക്കുള്ള വഴിയടയ്ക്കുമെന്നും മേഖലയിൽ സമാധാനം നിലനിർത്തുന്ന കാര്യത്തിൽ പാക്കിസ്ഥാന്റെ പ്രതിബദ്ധത എക്കാലവും തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും വക്താവ് വ്യക്തമാക്കി.
പാക്കിസ്ഥാനിൽ ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പത്രമായ ഗാർഡിയനിൽ വന്ന റിപ്പോർട്ടിനോടു പ്രതികരിക്കവെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന.