ചെങ്കടലിൽ വീണ്ടും കപ്പൽ ആക്രമിക്കപ്പെട്ടു
Wednesday, January 17, 2024 2:23 AM IST
സനാ: ചെങ്കടലിൽ വീണ്ടും ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടു. ഗ്രീക്ക് കന്പനിയുടെ ഉടമസ്ഥതയിൽ മാൾട്ടയിൽ രജിസ്റ്റർ ചെയ്ത സോഗ്രാഫിയ എന്ന കപ്പലിൽ മിസൈൽ പതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.
ഹൂതികൾ തിങ്കളാഴ്ച അമേരിക്കൻ ഉമസ്ഥതയിലുള്ള ഈഗിൾ ജിബ്രാൾട്ടർ എന്ന കണ്ടെയ്നർ കപ്പൽ ആക്രമിച്ചിരുന്നു. പലസ്തീന് ഐക്യദാർഢ്യവുമായി കപ്പലുകൾ ആക്രമിക്കുന്നത് തുടരുമെന്നാണ് ഹൂതികളുടെ നിലപാട്. ഇതിനിടെ തിങ്കളാഴ്ച രാത്രിയും ഹൂതികളുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ഉണ്ടായി.
യുഎസ് സേന കഴിഞ്ഞയാഴ്ച മുതൽ യെമന്റെ പല ഭാഗങ്ങളിലായി ആക്രമണം നടത്തുന്നുണ്ട്. ഇറാൻ ഹൂതികൾക്കു നല്കിയ ക്രൂസ്, ബാലിസ്റ്റിക് മിസൈൽ ഘടകങ്ങൾ കഴിഞ്ഞയാഴ്ച യെമൻ തീരത്തുവച്ച് പിടിച്ചെടുത്തതായി യുഎസ് സേന ഇന്നലെ അറിയിച്ചു.