ഇസ്രയേൽ-ഹമാസ് യുദ്ധം; യുഎൻ കോടതിയിൽ വാദം തുടങ്ങി
Thursday, January 11, 2024 11:02 PM IST
ജറൂസലേം: ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണത്തിൽ, ഐക്യരാഷ്ട്രസഭാ കോടതിയിൽ വാദം തുടങ്ങി.
ഗാസ മുനന്പ് വംശഹത്യക്കായുള്ള കോണ്സൻട്രേഷൻ ക്യാന്പാണെന്നാണു ദക്ഷിണാഫ്രിക്കയുടെ ആരോപണം. ഇസ്രയേൽ ഈ ആരോപണത്തെ ശക്തമായി എതിർത്തു.
ഗാസയിലെ ഇസ്രയേൽ നടപടി അവസാനിപ്പിക്കാൻ രാജ്യാന്തരകോടതി അടിയന്തരനിർദേശം നൽകണമെന്നു ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടെങ്കിലും, കേസ് അവസാനിക്കാൻ വർഷങ്ങളെടുക്കുമെന്നാണു നിരീക്ഷണം.
ഗാസയിൽ ഇസ്രയേലിന്റെ തിരിച്ചടി ശക്തമായി തുടരുന്നതിനിടെ, അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യൻ നേതാക്കളുമായി കൂടിക്കാഴ്ച തുടരുകയാണ്. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ ബ്ലിങ്കൻ കഴിഞ്ഞ ദിവസം കണ്ടു. യുദ്ധം അവസാനിച്ചശേഷം ഗാസയിൽ പലസ്തീനിയൻ ഭരണകൂടം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിനുശേഷം ബ്ലിങ്കൻ ബഹ്റിൻ തലസ്ഥാനമായ മനാമയിലേക്കു പോയി.
അതിനിടെ, ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 62 പേർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗാസയുടെ ദക്ഷിണമേഖലയിലെ നഗരമായ ഖാൻ യൂനിസിലാണു കൂടുതൽ മരണവും നാശനഷ്ടവും.
കരയിലും ആകാശത്തും ആക്രമണം തുടരുമെന്ന് ഇസ്രേലി സൈനിക വക്താവ് ദാനിയൽ ഹഗാരി പറഞ്ഞു. ഗാസയിൽ സൈന്യം നടത്തിയ പരിശോധനയിൽ തുരങ്കങ്ങളും വലിയ ആയുധശേഖരവും കണ്ടെത്തിയെന്നും നിരവധി ഭീകരരെ വധിച്ചെന്നും ഇസ്രേലി സൈന്യം അറിയിച്ചു.
ബുധനാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആംബുലൻസ് തകർന്നു. വാഹനത്തിലുണ്ടായിരുന്ന നാല് ആരോഗ്യപ്രവർത്തകരും രണ്ടു യാത്രക്കാരും കൊല്ലപ്പെട്ടു. സംഭവത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.