യുദ്ധത്തിൽനിന്ന് യുദ്ധത്തിലേക്ക്
Saturday, December 30, 2023 1:23 AM IST
ഒരു യുദ്ധത്തില്‍നിന്ന് മറ്റൊന്നിലേക്ക് ലോകത്തിന്റെ ശ്രദ്ധതിരിഞ്ഞ വര്‍ഷമാണ് 2023. അന്ത്യം എപ്പോഴെന്നറിയാതെ യുക്രെയ്ന് യുദ്ധം നീളുന്നതിനിടെ പശ്ചിമേഷ്യ സംഘര്‍ഷഭൂമിയായി. ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിനു പ്രതികാരമായി ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഗാസ പ്രദേശത്തെ തരിപ്പണമാക്കിയിരിക്കുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഇസ്രേലി സേന അഭയകേന്ദ്രമെന്നോ പാര്‍പ്പിടമെന്നോ വ്യത്യാസമില്ലാതെ ബോംബുകള്‍ വര്ഷിക്കുമ്പോള് നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷികപ്രതിസന്ധിക്കാണ് ഗാസ വേദിയാകുന്നത്.
ഗാസ ഭരിക്കുന്ന ഹമാസുകാര്‍ ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ അഴിച്ചുവിട്ട ഭീകരാക്രമണം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു. രഹസ്യാന്വേഷണമികവിനു കേള്‍വികേട്ട ഇസ്രയേലിന് ഒരുവിധ സൂചനയും നല്‍കാതെ നടപ്പാക്കിയ ആക്രമണത്തില്‍ 1,200 നിരപരാധികളാണു കൊല്ലപ്പെട്ടത്.
ആകാശത്ത് ആയിരക്കണക്കിനു മിസൈലുകള്‍ പ്രത്യക്ഷപ്പെട്ടതും ഇരുമ്പുവേലി തകര്‍ത്ത് ഭീകരര്‍ ഇരച്ചുകയറിയതും ഇസ്രേലികളുടെ സുരക്ഷാബോധത്തിലുണ്ടാക്കിയ വിള്ളല്‍ മായാൻ വര്‍ഷങ്ങളെടുക്കും. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ വിവേചനമില്ലാതെ കണ്ണില്‍ക്കണ്ടവരെ തെരുവുകളിലും വീടുകളിലും കൊന്നുതള്ളിയ ഭീകരര്‍ 240ഓളം പേരെ ഗാസയിലേക്കു തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മൂന്നാം മാസത്തിലേക്കടുക്കുന്ന ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,000നു മുകളിലായി.
ആയിരക്കണക്കിനു ഹമാസ് ഭീകരരെ വകവരുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും കൊല്ലപ്പെട്ടതിന്റെ മൂന്നിലൊന്ന് കുട്ടികളും വനിതകളുമാണ്; പുറത്തേക്കു വാതിലുകളില്ലാത്ത സ്വന്തം ഭൂമിയില്‍ അനാഥരാക്കപ്പെട്ടത് ലക്ഷക്കണക്കിനു പേരും. ഹമാസിന്റെ ആക്രമണം ശൂന്യതയില്‍നിന്നുണ്ടായതല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ് പറയുമ്പോഴും ലോകത്തിലെ വന്‍ശക്തികളെല്ലാം സ്വയം സംരക്ഷിക്കാന്‍ ഇസ്രയേലിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു.
വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവ ഗാസയില്‍ ലഭ്യമല്ലെന്നും ക്ഷാമവും പകര്‍ച്ചവ്യാധികളും ഒട്ടുമകലയല്ലെന്നും യുഎന്നും ലോകാരോഗ്യസംഘടനയും മുന്നറിയിപ്പു നല്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒരാഴ്ച നീണ്ട വെടിനിര്‍ത്തല്‍ താത്കാലിക ആശ്വാസമായിരുന്നു. വെടിനിര്‍ത്തല്‍ കാലയളവിൽ ഹമാസിന്റെ ബന്ദികളില്‍ 105 പേരും ഇസ്രേലി ജയിലുകളില്‍ തടവിലടയ്ക്കപ്പെട്ട 250ഓളം പലസ്തീനികളും മോചിതരായി.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യാ സംഘര്‍ഷം വ്യാപിക്കാന്‍ ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. വടക്കന്‍ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ലബനനിലെ ഹിസ്ബുള്ള ഭീകരര്‍ കൂടെക്കൂടെ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. സിറിയയിലും ഇറാക്കിലുമുള്ള സായുധ സംഘങ്ങള്‍ അമേരിക്കന്‍ സേനാ താവളങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുക്കുന്നു. എല്ലാത്തിനും പുറമേ യെമനിലെ ഹൗതി വിമതര്‍ ചെങ്കടല്‍വഴി പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് ആഗോള വാണിജ്യനീക്കത്തിൽ വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
പരാജയപ്പെട്ട പ്രത്യാക്രമണം

റഷ്യ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാനായി യുക്രെയ്ന് സേന ജൂണ്‍ ആദ്യം പ്രത്യാക്രമണം ആരംഭിച്ചു. അമേരിക്കയും യൂറോപ്പും നല്കിയ മികച്ചയിനം ആയുധങ്ങളും പരിശീലനവുമായിരുന്നു യുക്രെയ്ന് സേനയുടെ ആത്മവിശ്വാസം. ക്രിമിയ മുതല്‍ കിഴക്കന്‍ യുക്രെയ്ന്‍വരെ നീണ്ടുകിടക്കുന്ന റഷ്യന്‍ അധിനിവേശപ്രദേശത്തെ രണ്ടായി പിളര്‍ത്തി കരിങ്കടല്‍വരെ എത്തിച്ചേരുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത്തരമൊരു നീക്കം മുന്‍കൂട്ടി കണ്ടിരുന്ന റഷ്യന്‍ സേന ആയിരത്തോളം കിലോമീറ്റര്‍ നീളമുള്ള യുദ്ധമുന്നണിയില്‍ വന്‍ പ്രതിരോധ സന്നാഹങ്ങളൊരുക്കിയിരുന്നു. യുക്രെയ്ന്റെ ആക്രമണങ്ങൾ റഷ്യൻ പ്രതിരോധത്തിൽ പരാജയപ്പെട്ടു. ഏതാണ്ടു 14 ഗ്രാമങ്ങള്‍ പിടിച്ചെടുക്കുന്നതിലൊതുങ്ങി യുക്രെയ്ന് സേനയുടെ നേട്ടം. യുക്രെയ്ൻ സേനയുടെ ജര്‍മന്‍, ബ്രിട്ടീഷ് ടാങ്കുകളും അമേരിക്കന്‍ കവചിത വാഹനങ്ങളും തകര്‍ന്നുകിടക്കുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം പ്രചരിപ്പിച്ചു.
യുദ്ധത്തിലെ തിരിച്ചടിക്കു പിന്നാലെ യുക്രെയ്നോടുള്ള പാശ്ചാത്യശക്തികളുടെ സമീപനത്തിലും മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. യുഎസില്‍ ബൈഡന് ഭരണകൂടം യുക്രെയ്നു നല്കാന് നീക്കിവച്ച 61,00 കോടി ഡോളറിന്റെ സഹായം പ്രതിപക്ഷ റിപ്പബ്ലിക്കന്മാര് തടഞ്ഞുവച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ റഷ്യാ അനുകൂലിയായ ഹംഗറിയും യുക്രെയ്നു സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നു.
തുര്‍ക്കി-സിറിയ ഭൂകമ്പം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പത്തിന് തുര്‍ക്കിയും സിറിയയും ഇരയായി. ഫെബ്രുവരി ആറിന് പുലര്‍ച്ചെ 4.17ന് തുര്‍ക്കിയുടെ തെക്കന്‍, മധ്യ പ്രദേശങ്ങളിലും സിറിയയുടെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലും അനുഭവപ്പെട്ട ഭൂകന്പം വലിയ നാശനഷ്ടമുണ്ടാക്കി. തുര്‍ക്കിയില്‍ 59,259 പേര് മരിക്കുകയും 1,21,704 പേര്‍ക്കു പരിക്കേല്‍ക്കുകയും 297 പേരെ കാണാതാവുകയും ചെയ്തു. സിറിയയില്‍ 8,476 പേര് മരിക്കുകയും 14,500 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പ്രിഗോഷിന്റെ വിധി

പുടിനെതിരേ കലാപത്തിനു മുതിര്‍ന്ന പ്രിഗോഷിന് ദുരൂഹസാഹചര്യത്തില്‍ അന്ത്യം. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലവനായിരുന്ന എവ്ഗെനി പ്രിഗോഷിന് ജൂണ്‍ 24ന് യുക്രെയ്നില്‍ യുദ്ധം ചെയ്തിരുന്ന 25,000 സൈനികരുമായി റഷ്യയിലെത്തി റോസ്തോവ് ഓണ്‍ ഡോണ്‍ നഗരത്തിലെ സൈനികാസ്ഥാനം പിടിക്കുകയും തുടര്‍ന്ന് മോസ്കോയിലേക്ക് മാര്‍ച്ച് ആരംഭിക്കുകയും ചെയ്തു.
കാല്‍നൂറ്റാണ്ടായി റഷ്യയെ അടക്കിഭരിക്കുന്ന പുടിന് നേരിട്ട ഏറ്റവും വലിയ വല്ലുവിളിയായിരുന്നു പഴയ ചങ്ങാതികൂടിയായ പ്രിഗോഷിന്റെ കലാപം. വാഗ്നര്‍ കൂലിപ്പട്ടാളത്തെ റഷ്യന്‍ പ്രതിരോധമന്ത്രാലത്തിനു കീഴിലാക്കാനുള്ള നീക്കവും പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗുവുമായി പ്രിഗോഷിനുള്ള ശത്രുതയുമാണ് കലാപത്തിനു കാരണമായത്.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോയുടെ മധ്യസ്ഥശ്രമങ്ങളില്‍ പ്രിഗോഷിന് കലാപം അവസാനിപ്പിച്ച് ബെലാറൂസിലേക്കു പോകാന്‍ സമ്മതിച്ചു. ഓഗസ്റ്റ് 23ന് മോസ്കോയില്‍നിന്ന് സെന്റ് പീറ്റേഴ്സ്ബെര്ഗിലേക്കു പറന്ന പ്രിഗോഷിന്റെ സ്വകാര്യ വിമാനം തകര്‍ന്നു. പ്രിഗോഷിനും വാഗ്നര്‍ കമാന്‍ഡര്‍മാരും അടക്കം പത്തു പേര് കൊല്ലപ്പെട്ടു.
വിമാനത്തിനുള്ളില്‍ സ്ഫോടനം ഉണ്ടായതാണ് തകര്‍ച്ചയ്ക്കു കാരണമെന്ന് അനുമാനിക്കുന്നു. പുടിന്റെ വലംകൈയും സുരക്ഷാ ഉപദേഷ്ടാവുമായ നിക്കൊളായ് പട്രൂഷേവ് ആണ് പ്രിഗോഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പറയുന്നു.
പലായനം

അസര്ബൈജാന് സേന സെപ്റ്റംബറില്‍ മിന്നലാക്രമണത്തിലൂടെ വിഘടിത പ്രവിശ്യയായ നാഗോര്‍ണോ- കരാബാക് പിടിച്ചെടുത്തു. സോവിറ്റ് യൂണിയന് തകര്‍ന്നതിനെത്തുടര്‍ന്ന് മുസ്ലിം ഭൂരിപക്ഷ അസര്‍ബൈജാനും ക്രിസ്ത്യന്‍ അര്‍മേനിയയ്ക്കും ഇടയിലെ തര്‍ക്കഭൂമിയായിരുന്നു നാഗോര്‍ണോ പ്രദേശം.
അസര്‍ബൈജാനുള്ളില്‍ സ്ഥിതി ചെയ്യുന്ന നാഗോര്‍ണോ പ്രദേശത്ത് അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കായിരുന്നു ഭൂരിപക്ഷം. അന്താരാഷ്ട്ര സമൂഹം പ്രദേശത്തെ അസര്‍ബൈജാന്റെ ഭാഗമായിട്ടാണ് അംഗീകരിക്കുന്നത്. എന്നാല്‍ നാഗോര്‍ണോയിലെ അര്‍മേനിയന്‍ വംശജര്‍ അര്‍മേനിയന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കായി തുടര്‍ന്നുവരികയായിരുന്നു.
അസര്ബൈജാന് സേന സെപ്റ്റംബര്‍ 19ന് ആക്രമണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം നാഗോര്‍ണോ പോരാളികള്‍ കീഴടങ്ങി. സമാധാനം ഉറപ്പാക്കാന്‍ വിന്യസിച്ചിരുന്ന റഷ്യന്‍ സേന കണ്ണടച്ചതും ഇസ്രയേലില്‍നിന്ന് ലഭിച്ച മികച്ച ആയുധങ്ങളുമാണ് അസര്‍ബൈജാന്റെ വിജയം അനായാസമാക്കിയതെന്നു പറയുന്നു.
മൂന്നു പതിറ്റാണ്ടത്തെ സ്വാതന്ത്ര്യമോഹങ്ങള്‍ അസ്തമിച്ച അര്‍മേനിയന്‍ വംശജര്‍ നാഗോര്‍ണോ പ്രദേശം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ലക്ഷത്തോളം വരുന്ന അര്‍മേനിയന്‍ വംശജര്‍ അര്‍മേനിയയിലേക്കു പലായനം ചെയ്തു.
ചൂടന്‍ വര്‍ഷം
രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കും 2023 എന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അനുമാനിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളായ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ ദുരന്തങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ടായി. അമേരിക്കയിലെ ഹാവായി സംസ്ഥാനത്തെ മാവുയിയില് ഉണ്ടായ കാട്ടുതീ 115 പേരുടെ ജീവനെടുത്തു. ഡിസംബറില്‍ ദുബായില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത ഇരുന്നൂറോളം രാജ്യങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ തീരുമാനിച്ചത് നേരിയ പ്രതീക്ഷ നല്കുന്ന കാര്യമായി.
മറ്റു പ്രധാന സംഭവങ്ങള്‍
►ജനുവരി അഞ്ച് - 2022 ഡിസംബര്‍ 31ന് അന്തരിച്ച എമെരിറ്റസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്റെ മൃതദേഹം ജനുവരി അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കബറടക്കി. 221 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മാര്‍പാപ്പ തന്റെ മുന്‍ഗാമിയുടെ അന്ത്യകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
►ഫെബ്രുവരി നാല് - അമേരിക്കയുടെ ആകാശത്തു പ്രത്യക്ഷപ്പെട്ട ചൈനീസ് ചാരബലൂണിനെ വെടിവച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി.
►മാര്‍ച്ച് 10 - ഷി ചിന്‍പിംഗ് ചൈനീസ് പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു. മാവോയ്ക്കു ശേഷം ചൈനീസ് പ്രസിഡന്റ് പദവിയില്‍ മൂന്നാമൂഴം ലഭിക്കുന്ന ആദ്യ നേതാവ്.
ചൈനയുടെ മധ്യസ്ഥതയില്‍ നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ ഇറാനും സൗദിയും സമ്മതിച്ചു.
►മാര്‍ച്ച് 17 - യുക്രെയ്ന് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഏപ്രില്‍ നാല് - ഫിന്‍ലാന്‍ഡ് നാറ്റോ സൈനികസഖ്യത്തിലെ 31-ാം അംഗം.
►മേയ് അഞ്ച് - കോവിഡ് മഹാവ്യാധിയുടെ പേരില്‍ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിന്‍വലിച്ചു.
►മേയ് ആറ് - ബ്രിട്ടനിലെ രാജാവ് ചാള്‍സിന്റെ കിരീടധാരണം.
►മേയ് ഏഴ് - സിറിയ വീണ്ടും അറബ് ലീഗില്‍.
►മേയ് 28 - തുര്‍ക്കി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് എര്ദോഗന് അധികാരം നിലനിർത്തി.
►ജൂണ്‍ 18 - ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയ ആറംഗസംഘം സഞ്ചരിച്ച ടൈറ്റന് സബ് എന്ന ചെറിയ അന്തര്‍വാഹിനി തകര്‍ന്ന് മരിച്ചു.
►ഓഗസ്റ്റ് 23 - ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി.
►സെപ്റ്റംബര്‍ രണ്ട് - ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ-എല്‍ 1 വിജയകരമായി വിക്ഷേപിച്ചു.
►സെപ്റ്റംബര്‍ എട്ട് - പടിഞ്ഞാറന്‍ മൊറോക്കോയിലെ മാരകേഷ്-സാഫി പ്രവിശ്യയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,960 പേര് കൊല്ലപ്പെട്ടു.
സെപ്റ്റംബര്‍ 10 - ഡാനിയല്‍ ചഴലിക്കൊടുങ്കാറ്റില് ലിബിയയില്‍ കുറഞ്ഞത് 5,000 പേര് കൊല്ലപ്പെട്ടു. രണ്ടു ഡാമുകള്‍ തകര്‍ന്ന് ഡെര്‍ന നഗരത്തിന്റെ നാലിലൊന്ന് നശിച്ചു. പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ ആളുകളെ കാണാതായെന്ന് അനുമാനിക്കുന്നു.
►ഒക്ടോബര്‍ ഏഴ് - അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ ആയിരം പേര് മരിച്ചു.
►ഡിസംബര്‍ 16 - കുവൈത്ത് അമീര്‍ നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാ (86) അന്തരിച്ചു.