ഗാസയിൽ ഏറ്റുമുട്ടൽ തുടരുന്നു
Wednesday, December 13, 2023 1:33 AM IST
ടെൽ അവീവ്: ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫാ പ്രദേശങ്ങളിലാണു സേന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഖാൻ യൂനിസിൽ കരസേന മുന്നേറുന്പോൾ റാഫായിൽ വ്യോമസേന ബോംബാക്രമണം നടത്തുന്നു. ഹമാസ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒട്ടേറെ ഭടന്മാർക്കു പരിക്കേറ്റതായി ഇസ്രേലി സേന പറഞ്ഞു.
വടക്കൻ ഗാസയിലും ഇസ്രേലി സേന ബോംബിംഗും കരയാക്രമണവും നടത്തുന്നുണ്ട്. ജബലിയ, ഷെജായിയാ എന്നിവിടങ്ങളിലെ ഹമാസിന്റെ അവസാന ശക്തികേന്ദ്രവും വളഞ്ഞതായി സേന പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനിൻ അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ നാലു പലസ്തീനികൾ കൊല്ലപ്പെട്ടു.
ഇതിനിടെ, ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ അന്താരാഷ്ട്ര സമൂഹം അസംതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഇസ്രയേലിനുമേൽ സമ്മർദം വർധിപ്പിച്ചു. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നഥാനിയേൽ ടെക് പറഞ്ഞു.
ഗാസയിലെ മൂന്നിലൊന്ന് ആശുപത്രികളും നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 33 ആശുപത്രികളിൽ 11 എണ്ണം മാത്രമാണു ഭാഗികമായി പ്രവർത്തിക്കുന്നത്.
നോർവീജിയൻ ടാങ്കർ ആക്രമിച്ചു
സനാ: യെമൻ തീരത്തുകൂടി പോകുകയായിരുന്ന നോർവീജിയൻ എണ്ണടാങ്കറിനു നേർക്ക് ഹൗതി വിമതർ മിസൈലാക്രമണം നടത്തി. ഇസ്രയേലിലേക്കു പോകുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാർക്കു പരിക്കില്ലെന്നും സുരക്ഷിതതീരത്തേക്കു കപ്പൽ നീങ്ങുന്നതായും ഉടമസ്ഥർ അറിയിച്ചു.
ഇറാന്റെ പിന്തുണയുള്ള ഹൗതികൾ ഇസ്രയേലിലേക്കു പോകുന്ന എല്ലാ കപ്പലും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. നേരത്തേ ചില കപ്പലുകൾ ആക്രമിക്കുകയും ചെയ്തു.