യുക്രെയ്നിൽ ക്രൂസ് മിസൈൽ ആക്രമണം
Sunday, December 10, 2023 1:33 AM IST
കീവ്: റഷ്യൻ സേന വെള്ളിയാഴ്ച യുക്രെയ്നിൽ ക്രൂസ് മിസൈൽ ആക്രമണം നടത്തി. തലസ്ഥാനമായ കീവ് അടക്കമുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കീവിലേക്കു വന്ന മിസൈലുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.
സെൻട്രൽ യുക്രെയ്നിലെ പാവ്ലോഹ്രാദ് ഗ്രാമത്തിലും കിഴക്കൻ നഗരമായ ഖാർവീലും മിസൈലുകൾ പതിച്ച് രണ്ടു പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
79 ദിവസത്തിനു ശേഷമാണ് റഷ്യൻ സേന യുക്രെയ്നെതിരേ ക്രൂസ് മിസൈലുകൾ തൊടുക്കുന്നത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്.
ശൈത്യം അടുത്തതോടെ റഷ്യൻ സേന യുക്രെയ്നിൽ മിസൈൽ ആക്രമണം കടുപ്പിക്കുമെന്നാണ് പാശ്ചാത്യശക്തികൾ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.