നെതർലൻഡ്സ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിക്കു മുന്നേറ്റം
Friday, November 24, 2023 1:37 AM IST
ദ ഹേഗ്: നെതർലൻഡ്സ് പൊതു തെരഞ്ഞെുപ്പിൽ ഇസ്ലാം വിരുദ്ധ, തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടി(പിവിവി)ക്കു മുന്നേറ്റം. ഗീർട് വിൽഡേഴ്സ് നയിക്കുന്ന പാർട്ടി 150 അംഗ പാർലമെന്റിൽ 37 സീറ്റ് നേടി.
ഇടതു സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. ഇടതു സഖ്യത്തിന് 25 സീറ്റാണു കിട്ടിയത്. പിവിവി അവഗണിക്കാനാത്ത ശക്തിയാണെന്നും തങ്ങൾ അധികാരം പിടിക്കുമെന്നും വിൽഡേഴ്സ് പറഞ്ഞു. കഴിഞ്ഞ തവണ 17 സീറ്റാണു പാർട്ടിക്കു ലഭിച്ചത്. 25 വർഷത്തിനിടെ പിവിവി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
പിവിവിയുടെ വിജയം യൂറോപ്പിലാകെ ആശങ്കയും അദ്ഭുതവുമായി. തന്റെ പാർട്ടിക്കൊപ്പം ചേരാൻ മറ്റു പാർട്ടികളോട് വിൽഡേഴ്സ് ആവശ്യപ്പെട്ടു. പാർലമെന്റിൽ ഭൂരിപക്ഷത്തിനുവേണ്ട 76 സീറ്റ് സംഘടിപ്പിക്കുകയാണു ലക്ഷ്യം. ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടിക്ക് 20 സീറ്റുണ്ട്. സർക്കാർ രൂപീകരണ ചർച്ചയ്ക്കു തയാറാണെന്ന് പാർട്ടി അധ്യക്ഷൻ പീറ്റർ ഒമ്ട്സിഗ്റ്റ് പറഞ്ഞു.
തീവ്ര ഇസ്ലാംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുള്ള വിൽഡേഴ്സ് യൂറോപ്യൻ യൂണിയനെയും എതിർക്കുന്നു. ഡോണൾഡ് ട്രംപിന്റെ ഡച്ച് പതിപ്പെന്നാണു വിൽഡേഴ്സിനെ വിശേഷിപ്പിക്കുന്നത്. ഡച്ച് വീണ്ടും നന്പർ വൺ ആകുമെന്ന് വിൽഡേഴ്സ് പറഞ്ഞു