26 പേരെ തൂക്കിലേറ്റിയ ആരാച്ചാർ ജയിൽമോചിതനായി
Monday, June 19, 2023 2:37 AM IST
ധാക്ക: 26 പേരെ തൂക്കിലേറ്റിയ ബംഗ്ലാദേശ് ആരാച്ചാർ ഷാജഹാൻ ഭുയിയാൻ (74) ജയിൽമോചിതനായി. കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ മൂന്നു ദശകമാണു ഭുയിയാൻ ധാക്ക സെൻട്രൽ ജയിലിൽ കഴിഞ്ഞത്. ബംഗബന്ധു ഷേക്ക് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് ഭുയിയാൻ തൂക്കിലേറ്റിയത്.
1991ലാണ് ഭുയിയാനെ 42 വർഷത്തെ തടവിനു ശിക്ഷിച്ചത്. 2001ൽ ഇദ്ദേഹത്തെ ആരാച്ചാരായി നിയമിച്ചു. തുടർന്ന് ജല്ലാദ് (ആരാച്ചാർ) എന്ന പേര് ഭുയിയാനു ലഭിച്ചു. ഓരോ വധശിക്ഷ നടപ്പാക്കുന്പോഴും ഭുയിയാന് രണ്ടു മാസം ശിക്ഷായിളവ് ലഭിച്ചിരുന്നു.
ഇങ്ങനെ 26 പേരെ തൂക്കിലേറ്റിയതിലൂടെ നാലു വർഷവും നാലു മാസവും ശിക്ഷായിളവ് ലഭിച്ചു. നല്ല പെരുമാറ്റത്തിന്റെ ഭാഗമായി പത്തുവർഷവും ശിക്ഷയിൽ ഇളവു നല്കി.
“വികാരവിക്ഷോഭത്തോടെയാണ് ഓരോ വധശിക്ഷയും നടപ്പാക്കിയത്. ഞാൻ അതു ചെയ്തില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യുമെന്ന് എനിക്കറിയാം. അധികൃതർ എന്നിൽ വിശ്വാസമർപ്പിച്ചു. മുനീർ എന്നയാളുടെ വധശിക്ഷ നടപ്പാക്കിയത് ഒരിക്കലും മറക്കാനാകില്ല, അവസാന ആഗ്രഹം എന്താണെന്നു ചോദിച്ചപ്പോൾ, അയാൾ ആവശ്യപ്പെട്ടത് ഒരു സിഗരറ്റാണ്’’-ഷാജഹാൻ ഭുയിയാൻ പറഞ്ഞു. ജയിലിൽ വച്ചു സൗഹൃദത്തിലായ ആളുടെ വീട്ടിലേക്കാണ് ഇപ്പോൾ പോകുന്നതെന്ന് ഭുയിയാൻ പറഞ്ഞു. ഒരു സഹോദരിയും സഹോദരീപുത്രനും ഉണ്ടെങ്കിലും ജയിലിലായശേഷം അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഭുയിയാൻ കൂട്ടിച്ചേർത്തു.