ഇന്നു ഫലമറിയാം; മുന്നണികൾ ഉദ്വേഗത്തിൽ
Saturday, November 23, 2024 2:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മുന്നണികൾക്കും നിർണായകമായ ഉപതെരഞ്ഞെടുപ്പുഫലം ഇന്നറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുഡിഎഫിന് വയനാട് സീറ്റിൽ ആശങ്കയില്ല.
മറ്റു മുന്നണികൾക്ക് അവിടെ പ്രതീക്ഷയുമില്ല. അതുകൊണ്ടു തന്നെ ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിർത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താൽ സർക്കാർ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നു യുഡിഎഫിനു വാദിക്കാം.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ യുഡിഎഫിന് ആത്മവിശ്വാസത്തോടെ നേരിടാം. പാലക്കാട് നിലനിർത്തുകയും ചേലക്കര നഷ്ടപ്പെടുകയും ചെയ്താലും പറഞ്ഞുനിൽക്കാം. അങ്ങനെ സംഭവിച്ചാൽ എൽഡിഎഫിനും ആശ്വാസമാകും. പാലക്കാട്ട് എൽഡിഎഫിന് അമിതപ്രതീക്ഷയില്ല.
ബിജെപിയെ സംബന്ധിച്ച് ചേലക്കരയിൽ പ്രതീക്ഷയില്ല. എന്നാൽ പാലക്കാട് വിജയം പ്രതീക്ഷിക്കുന്നു. അവിടെ വിജയിച്ചാൽ തൃശൂർ ലോക്സഭാ സീറ്റിലെ വിജയത്തിന്റെ തുടർച്ചയാകും അത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്താൻ ഈ വിജയം ബിജെപിക്കു കരുത്തു പകരും. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സിപിഎമ്മിൽ അതു പ്രതിസന്ധി സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.
തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ച് സന്ദീപ് വാര്യരുടെയും സരിന്റെയും പാർട്ടിമാറ്റങ്ങൾ സിപിഎമ്മിലും കോണ്ഗ്രസിലും ബിജെപിയിലും ആഭ്യന്തര തർക്കങ്ങൾക്കു വഴിതെളിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
തെരഞ്ഞെടുപ്പു ഫലങ്ങൾ സർക്കാരിന്റെ നിലനിൽപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും മൂന്നു മുന്നണികളുടെയും നേതൃത്വങ്ങൾക്ക് നെഞ്ചിടിപ്പിനു വകയുണ്ട്.