നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം ; മൂന്ന് സഹപാഠികൾ റിമാൻഡിൽ
Saturday, November 23, 2024 1:15 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ സി പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളജിലെ നാലാം വർഷ ബിഎസ് സി നഴ്സിംഗ് വിദ്യാർഥിനി തിരുവനന്തപുരം സ്വദേശിനി അമ്മു എ. സജീവിന്റെ (22 ) മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠികളായ മൂന്ന് പെൺകുട്ടികളെ റിമാൻഡ് ചെയ്തു.
ആത്മഹത്യാ പ്രേരണാക്കുറ്റമാണ് മൂവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.പത്തനാപുരം സ്വദേശിനി അലീന ദിലീപ് , വാഴപ്പള്ളി സ്വദേശിനി എ. ടി. ആഷിത, അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച മൂവരെയും അവരവരുടെ വീടുകളിൽ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. പെൺകുട്ടികളെ ഡിസംബർ അഞ്ചു വരെ കൊട്ടാരക്കര സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.
അമ്മു എ. സജീവ് ജീവനൊടുക്കാൻ കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലായ മൂവർക്കുവേണ്ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.
പത്തനംതിട്ട നഗരത്തിലെ താഴെവെട്ടിപ്രത്തെ സ്വകാര്യ ഹോസ്റ്റലിന്റെ മുകളിൽ നിന്നും വീണ് കഴിഞ്ഞ 15നു വൈകുന്നേരമാണ് അമ്മുവിനെ ഗുരുതര നിലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
സഹപാഠികളിൽനിന്നു നിരന്തരമായ മാനസിക പീഡനം അമ്മുവിനുണ്ടായിരുന്നതായി മാതാപിതാക്കളും സഹോദരനും പോലീസിൽ മൊഴി നൽകി. പോലീസ് അന്വേഷണത്തിൽ ഇതേത്തുടർന്ന് അമ്മു കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇതേത്തുടർന്നാണ് സഹപാഠികളായ മൂവരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ പറഞ്ഞു.
കുറ്റാരോപിതരായ സഹപാഠികൾക്കെതിരേ അമ്മുവിന്റെ പിതാവ് കോളജ് പ്രിൻസിപ്പലിന് അയച്ച പരാതിയും കോളജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു.
ആരോപണവിധേയർക്ക് ലഭിച്ച മെമ്മോയും അവയ്ക്ക് അവർ നൽകിയ മറുപടികളും കോളജ് അധികൃതർക്ക് അമ്മു ഒപ്പിട്ടുനൽകിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മു അതിൽ പറയുന്നുണ്ട്.