ദീപികയുടെ വൈക്കം ‘ഒ ലേ’ ഓംചേരി അയച്ച ചോളം കൃഷിവാര്‍ത്ത
Saturday, November 23, 2024 1:15 AM IST
റെജി ജോസഫ്
കോട്ടയം: ഓംചേരി ദീപികയുടെ വൈക്കം ഒ ലേ അഥവാ ഒരു ലേഖകനായിരുന്നു. ആ അക്ഷരപ്രതിഭയുടെ ആദ്യലേഖനം വെളിച്ചം കണ്ടതും ദീപികയിലാണ്. അതുകൊണ്ടാണ് താന്‍ പത്രപ്രവര്‍ത്തനം പഠിച്ചതും പരിശീലിച്ചതും ദീപികയിലാണെന്ന് പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള പല വേദികളിലും ആവര്‍ത്തിച്ചു പറയാനിടയായത്.
1936ല്‍ വൈക്കത്ത് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ ഓംചേരി ദീപികയില്‍ ആദ്യമായി എഴുതിയ റിപ്പോര്‍ട്ടിന്റെ കഥാംശം ഇങ്ങനെ.
വൈക്കം പ്രദേശത്ത് ദീപികയായിരുന്നു പ്രചാരത്തില്‍ മുന്നില്‍. ഓംചേരിയുടെ വീട്ടിലും ദീപികയായിരുന്നു പത്രം. വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിലേക്ക് വീട്ടില്‍നിന്ന് ആറു കിലോമീറ്ററായിരുന്നു ദൂരം. സ്കൂളിലേക്ക് രാവിലെ പതിവായി നില്‍ക്കാതെയുള്ള ഓട്ടമായിരുന്നു. ഈ ഓട്ടത്തിനിടെയില്‍ വഴിയോരത്തെ താമസക്കാരന് വക്കന് മാപ്പിളയുടെ വീടിനു മുന്നില്‍ ഉയരം കൂടിയതും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതുമായ ഒരിനം ചെടി കുലച്ചുനില്‍ക്കുന്നത് മിന്നായം പോലെ ഓംചേരിയുടെ കണ്ണിലുടക്കി.
നോക്കെത്താ ദൂരം നെല്‍പ്പാടം മാത്രമുള്ള വൈക്കത്ത് കാണാനിടയായ പ്രത്യേകയിനം ചെടി അദ്ദേഹത്തില്‍ അതിശയമുളവാക്കി. ഒരു ദിവസം ഓട്ടത്തിനിടെ വക്കന് മാപ്പിള വീട്ടുമുറ്റത്ത് നില്‍ക്കുന്നുണ്ട്. ഓട്ടത്തിന് ബ്രേക്കിട്ട് വക്കന് മാപ്പിളയോട് ആ ചെടിയുടെ പേരു ചോദിച്ചപ്പോള്‍ പറഞ്ഞു, ഇതാണ് ചോളം: സ്കൂള്‍ വിദ്യാര്‍ഥിയുടെ കൗതുക മനസ് ചോളത്തെക്കുറിച്ചു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വക്കന് മാപ്പിള ചോളം കൃഷികാര്യങ്ങള്‍ ലുബ്ധു കാട്ടാതെ വിസ്തരിച്ചു. വീട്ടിലെത്തിയ ഓംചേരി വക്കന് മാപ്പിളയില്‍ നിന്നറിയാനിടയായ ചോളം വിശേഷങ്ങള്‍ രസകരമായ ഒരു കുറിപ്പാക്കി.
അക്കാലത്ത് വൈകുന്നേരം നാലുമണിക്കാണ് ദീപിക പത്രക്കെട്ടുമായി ലൈന്‍ബസ് വൈക്കത്ത് എത്തുക. ബസില്‍നിന്ന് പത്രക്കെട്ട് എടുത്ത് ഏജന്റ് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തു തീരുമ്പോള്‍ രാത്രി പത്തു മണിയാകും.
ദീപികയുമായി ഏജന്റ് വീട്ടിലെത്തുന്നതും കാത്ത് ഓംചേരി മുറ്റത്തു നിന്നു. ഏജന്റ് കൈവശം ചോളം കൃഷി കുറിപ്പ് ഏല്‍പ്പിച്ചു പറഞ്ഞു- ഇത് ദീപിക പത്രാധിപകര്‍ക്ക് അയച്ചുകൊടുക്കണം. പറഞ്ഞതുപോലെ ഏജന്റ് കുറിപ്പ് ദീപികയിലേക്ക് അയച്ചു.
നമ്മുടെ നാട്ടില്‍ ചോളവും വളരും എന്ന തലക്കെട്ടില്‍ ഓംചേരി എഴുതിയ കുറിപ്പ് ദീപികയില്‍ അച്ചടിച്ചു വന്നു. സ്വലേ അഥവാ സ്വന്തം ലേഖകന്‍ എന്നതിനു പകരം അന്നത്തെ ശൈലിയില്‍ ഒ ലേ വൈക്കം എന്ന അംഗീകാരത്തോടെയാണ് വാര്‍ത്ത വന്നത്. ഒലേ എന്നത് ഒരു ലേഖകന്‍ എന്നതിന്റെ ചുരുക്കെഴുത്ത്.
ആദ്യലേഖനം വൈക്കം ഒ ലേയായി പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ദീപിക പത്രാധിപര്‍ ഫാദര്‍ ഹെന്‍ട്രിയുടെ കത്ത് ഓംചേരിയുടെ വിലാസം തേടിയെത്തി.
ഹെന്ട്രിയച്ചന്റെ കത്ത് ഇങ്ങനെയായിരുന്നു: പ്രിയപ്പെട്ട നാരായണപിള്ള, നിങ്ങള്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയാണെന്ന് മനസിലാക്കുന്നു. നിങ്ങള്‍ അയച്ച ചോളം കൃഷിയെക്കുറിച്ചുള്ള വാര്‍ത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് കൃഷിക്കാരുടെ ഇടയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഞങ്ങള്‍ പ്രാധാന്യത്തോടുകൂടി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു.
ഇനിയും ഇതുപോലെയുള്ള എന്തെങ്കിലും വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതും അയച്ചുതരണം. പൊതുവേ കൃഷിക്കാര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്തുന്ന എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അത് എഴുതിയാല്‍ സന്തോഷപൂര്‍വം പ്രസിദ്ധീകരിക്കാം.
ദീപിക പത്രാധിപര്‍ കൈപ്പടയില്‍ എഴുതിയ കത്ത് ഓംചേരി സ്കൂളിലും വീട്ടിലും നാട്ടിലും എല്ലാവരെയും കാണിച്ചു. അവര്‍ക്കെല്ലാം പത്രാധിപരുടെ കത്ത് വിസ്മയമയി. ആവേശം ചോരാതെ ഓംചേരി പിറ്റേന്നു മുതല്‍ തുടരെ ദീപികയില്‍ എഴുതാന്‍ തുടങ്ങി.
വൈക്കത്തെ നാട്ടുവിശേഷങ്ങളുമായി ദിവസവും രണ്ടുമൂന്നു വാര്‍ത്തകള്‍. അതെല്ലാം ഒ ലേ വൈക്കം എന്ന അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഒ ലേ വൈക്കം ഓംചേരിയുടെ ബൈലൈനായി.
പില്ക്കാലത്ത് ഓംചേരി ഇന്ത്യയിലെ പ്രശസ്ത മാധ്യമ പഠന സ്ഥാപനങ്ങളുടെ സാരഥിയും അനേകം പത്രപ്രവര്‍ത്തകരുടെ ഗുരുവും നൂറായുസു കിട്ടിയ സാഹിത്യ സാംസ്കാരിക ആചാര്യനുമായി. 75 വര്‍ഷം ഡല്‍ഹിയില്‍ കഴിഞ്ഞ് അവിടത്തെ മലയാളികളുടെ കാരണവരായി ജീവിച്ചപ്പോഴും ദീപികയോടുള്ള കടപ്പാടും ബന്ധവും അദ്ദേഹം തുടര്‍ന്നു.
എഴുതി പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥത്തിന്റെയും രണ്ടു കോപ്പികള്‍ ഓംചേരി മുടക്കമില്ലാതെ കോട്ടയം ദീപികയിലേക്ക് അയച്ചു. ഒരു കോപ്പി അതാത് കാലത്തെ ദീപിക പത്രാധിപര്‍ക്ക്. ഒരെണ്ണം പുസ്തക പരിചയകോളത്തില് ഉള്‍പ്പെടുത്താന്‍ സണ്‍ഡേ ദീപിക എഡിറ്റര്‍ക്ക്.