വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; നടപടികള്‍ പുരോഗമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ
Saturday, November 23, 2024 2:20 AM IST
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം അനുവദിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുനരുദ്ധാരണത്തിനും പുനരധിവാസത്തിനുമടക്കം 2,219 കോടി രൂപ കണക്കാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
അടിയന്തര സഹായമായി ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 153.467 കോടി രൂപ നല്കാന് കഴിഞ്ഞ 16ന് ചേര്‍ന്ന ഉന്നതതല സമിതി യോഗം അനുമതി നല്‍കിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ആഷിഷ് വി. ഗവായ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ലഭ്യമാക്കാനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കണമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ 13ന് മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറിയത്.
2219.033 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തനിവാരണ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനസര് ക്കാര് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര സഹായം ലഭ്യമാക്കാന്‍ ഓഗസ്റ്റ് രണ്ടിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയ പ്രതിനിധികളടങ്ങുന്ന സംഘം രൂപീകരിക്കുകയും എട്ടു മുതല്‍ പത്തു വരെ ദുരന്തമേഖല സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു നഷ്ടം വിലയിരുത്തുകയും ചെയ്തു.
അതേസമയം, അടിയന്തരസ്വഭാവത്തില്‍ താത്കാലിക പുനരധിവാസ പ്രവര്‍ത്തനത്തിന് 214.68 കോടിയുടെ അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് ഓഗസ്റ്റ് 19നാണ്.
ഒക്ടോബര്‍ ഒന്നിന് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സബ് കമ്മിറ്റി (എസ്സി-എന്‍ഇസി) മുമ്പാകെ കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എസ്സി-എന്‍ഇസി ശിപാര്‍ശ ഉന്നതതലസമിതി മുമ്പാകെയും പരിഗണനയ്ക്കു വച്ചു. തുടര്‍ന്നാണ് ദുരന്തനിവാരണ ഫണ്ടില്‍നിന്നു 153.467 കോടി അനുവദിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.