കെടിഡിഎഫ്സിയെ തകർത്തത് തിരിച്ചടവില്ലാത്ത വായ്പകൾ
Saturday, November 23, 2024 1:15 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: മികച്ച പ്രവർത്തനം നടത്തി ലാഭകരമായി മുന്നേറിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനെ (കെടിഡിഎഫ്സി ) തകർത്തത് തിരിച്ചടവില്ലാത്ത വായ്പകളും മതിയായ സെക്യൂരിറ്റി ഇല്ലാതെ നല്കിയ വായ്പകളും വായ്പകൾ തിരിച്ചു പിടിക്കാൻ ശ്രമം നടത്താത്ത കെടുകാര്യസ്ഥതയുമെന്ന് സർക്കാർ വിലയിരുത്തൽ. കെ.ബി. ഗണേശ് കുമാർ കഴിഞ്ഞ തവണ മന്ത്രിയായിരുന്നപ്പോൾ കെടിഡിഎഫ്സി ആറരക്കോടി ലാഭമുണ്ടാക്കി.
അതിൽ 65 ലക്ഷം ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമിച്ചു നല്കുകയും ചെയ്തു. ഈ അവസ്ഥയിൽനിന്നാണ് നിക്ഷേപകർക്ക് പണം തിരിച്ചു നല്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലായത്.
കെടിഡിഎഫ്സിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കി കടക്കെണിയിലാക്കിയവർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. അന്വേഷണം ഉടൻ ആരംഭിക്കും.
സ്ഥിര നിക്ഷേപകരുടെ പണം തിരികെ നൽകേണ്ട ഇനത്തിൽ 250 കോടി രൂപയും ഫ്ലാറ്റ് നിർമാതാക്കൾക്ക് വായ്പ അനുവദിച്ചതിന്റെ പേരിലുള്ള 70 കോടിയോളം രൂപയും ഉൾപ്പെടെയാണ് ബാധ്യത 325 കോടിയായി കുത്തനെ ഉയർന്നത്. വസ്തുവില കുറഞ്ഞ ഭൂമിയിൽ മൂല്യനിർണയത്തിൽ കൃത്രിമം കാട്ടി വൻതുക വായ്പ കൊടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം പേയാടുള്ള ഗ്രാൻ ടെക്ക് (28 കോടി), കോട്ടയം സിവിൽ സ്റ്റേഷന് സമീപമുള്ള മോർണിംഗ് ഗ്ലോറി അപ്പാർട്ട്മെന്റ്സ് (22 കോടി ), ഗുരുവായൂരിൽ മൂകാംബിക ബിൽഡേഴ്സ് (11.5 കോടി) എന്നിങ്ങനെയാണ് ബാധ്യതാ കണക്കുകൾ. ഇവർക്കെതിരെ റവന്യു റിക്കവറി നടപടികൾകൈക്കൊള്ളാൻ ഇതുവരെ കെടിഡിഎഫ്സിക്ക് കഴിഞ്ഞിട്ടില്ല.
കെടിഡിഎഫ്സി ആവശ്യപ്പെട്ടിട്ടും ജില്ലാ കളക്ടർമാർ റിക്കവറി നടപടി നടത്തി ആസ്തി പിടിച്ചെടുത്തിട്ടില്ല എന്നാണ് വിശദീകരണം. മുൻ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമാണ് അനാവശ്യ ശിപാർശ നടത്തി വായ്പ അനുവദിപ്പിച്ചത്. വസ്തുവിന്റെ ശരിയായ മൂല്യനിർണയം നടത്താതെയും മതിയായ സെക്യൂരിറ്റി രേഖകൾ ഇല്ലാതെയും ചതുപ്പുനിലത്തിന് വരെ വായ്പ നല്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കെഎസ്ആർടിസി യുടെ വായ്പാ കൺസോർഷ്യത്തിൽ നിന്നും ഒഴിവാകാൻ വിഹിതമായി വരുന്ന 138 കോടി രൂപ സർക്കാർ ഇടപെടലിനെത്തുടർന്ന് കേരള ബാങ്ക് കെടിഡിഎഫ് സിക്ക് ഉടൻ നൽകും. ഇതിലെ 100 കോടി എടുത്ത് സ്ഥിര നിക്ഷേപം കാലാവധി തീരുന്നവർക്ക് നൽകേണ്ട ബാധ്യത തീർക്കും. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് വാഹന വായ്പ നൽകി തവണകൾ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന രീതി ആരംഭിക്കാനാണ് കെടിഡിഎഫ്സി ആലോചിക്കുന്നത്.
കേരള ബാങ്ക്, കെടിഡിഎഫ്സി, കെഎസ്ആർടിസി എന്നീ മൂന്ന് സ്ഥാപനങ്ങളേയും രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ചേർന്ന യോഗത്തിലാണ് കെടിഡിഎഫ്സിയുടെ വിഹിതം നൽകാൻ കേരള ബാങ്ക് തയാറായത്.കെടിഡിഎഫ്സിയുടെ കസ്റ്റഡിയിലുള്ള തമ്പാനൂർ കോംപ്ലക്സിൽ കോടികളുടെ വാടക കുടിശികയുണ്ട്.
ചലച്ചിത്ര വികസന കോർപ്പറേഷൻ 39 ലക്ഷവും ലോട്ടറി വകുപ്പ് 38 ലക്ഷവുമാണ് കുടിശിക വരുത്തിയിട്ടുള്ളത്. ഇതുപോലെ പല സ്ഥാപനങ്ങളുമുണ്ട്. ഈ സ്ഥാപനങ്ങളുടെ ബാധ്യതകൾ പരിശോധിച്ച് അടിയന്തിരമായി നടപടി കൈക്കൊള്ളാനാണ് നീക്കം.