ക്ഷേത്ര-തറവാട് കമ്മിറ്റികള്‍ക്കു നോട്ടീസുമായി പോലീസ്
Wednesday, October 30, 2024 10:29 PM IST
കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ട് അപകടം ആവര്‍ത്തിക്കാതിരിക്കുന്നതിനു പോലീസ് നടപടി ആരംഭിച്ചു. ഉത്സവങ്ങളും കളിയാട്ടങ്ങളും നടക്കുന്ന ക്ഷേത്ര-തറവാട് കമ്മിറ്റികള്‍ക്കു നോട്ടീസ് നല്‍കിത്തുടങ്ങി.
അനുമതിയില്ലാതെ വെടിക്കെട്ട് നടത്തരുതെന്നും നടത്തിയാലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ കമ്മിറ്റികളായിരിക്കുമെന്നും പോലീസ് നല്കിയ നോട്ടീസില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തിയാണു കമ്മിറ്റി ഭാരവാഹികള്‍ക്കു നോട്ടീസ് നല്‍കുന്നത്.
നീലേശ്വരം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പടക്ക കടകളിലും പോലീസ് പരിശോധന ആരംഭിച്ചു. കാഞ്ഞങ്ങാട്ടുള്ള ആറു പടക്ക കടകളിലും ഇന്സ്പെക്ര് പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പടക്കങ്ങളുടെ എണ്ണം, തൂക്കം, എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പടക്കം വാങ്ങിക്കാന്‍ എത്തുന്നവര്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദിപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.