നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേക്കുള്ള അപേക്ഷാതീയതി നീട്ടി
Thursday, October 31, 2024 12:20 AM IST
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി നവംബര്‍ ആറുവരെ നീട്ടി.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍ പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 ലെവല്‍ പാസായവരുമാകണം (ഗോയ്ഥേ, ടെല്‍ക്, ഒഎസ്ടി, ടെസ്റ്റ്ഡഫ് എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകര്‍.
താത്പര്യമുള്ളവര്‍ക്ക് www. norkar oots.org, www.nifl.norkaroots. org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഇംഗ്ലീഷില്‍ തയാറാക്കിയ വിശദമായ സിവി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
18നും 27നും ഇടയില്‍ പ്രായമുള്ള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ ആറുമാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും, നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്ലൈന് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുള്ളവരുമാകണം അപേക്ഷകര്‍.
ജര്‍മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിംഗ് ട്രെയിനിംഗാണ് പദ്ധതി വഴി ലഭിക്കുന്നത്. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.