തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നോട്ടീസ്
Thursday, October 31, 2024 12:20 AM IST
കൊച്ചി: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.
സുരേഷ് ഗോപി എംപി അടക്കമുള്ള എതിര്കക്ഷികള്ക്കാണു നോട്ടീസ്. എഐവൈഎഫ് നേതാവ് എ.എസ്. ബിനോയ് നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണ് സുരേഷ് ഗോപിക്ക് സ്പീഡ് പോസ്റ്റില്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. ഹര്‍ജി വീണ്ടും നവംബര്‍ 22ന് പരിഗണിക്കാന്‍ മാറ്റി.
മതവികാരം ഇളക്കിവിട്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു. സുരേഷ് ഗോപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയാണു നടത്തിയത്.
സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്ഷന് വാഗ്ദാനം ചെയ്തതിനു പുറമെ തെരഞ്ഞെടുപ്പുകാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്ഷന് തുക കൈമാറിയിട്ടുമുണ്ട്. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത് കൈക്കൂലിയാണ്.
ഈ സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമവിരുദ്ധമായി സുരേഷ് ഗോപി നടത്തിയ നടപടികള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.