ജോയിന്റ് കൗൺസിലിൽ ചേരിതിരിവ്; സംഘടനാ നേതാവിനെതിരേ നടപടി
Wednesday, October 30, 2024 10:59 PM IST
നിശാന്ത് ഘോഷ്
കണ്ണൂർ: സിപിഐയുടെ സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിലെ ചേരിതിരിവ് പൊട്ടിത്തെറിയിലേക്ക്. സംഘടനയ്ക്കുള്ളിലെ ചേരിതിരിവും ശീതസമരവും രൂക്ഷമായതിനെത്തുടർന്ന് അനുബന്ധ സർവീസ് സംഘടനാ നേതാവും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ വ്യക്തിയെ ജോയിന്റ് കൗൺസിലിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി.
ജോയിന്റ് കൗൺസിലിനു കീഴിലായി പ്രവർത്തിക്കുന്ന കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആർ. രാജീവ്കുമാറിനെയാണു തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും നീക്കിയത്. ഇക്കഴിഞ്ഞ 28നു വൈകുന്നേരം ഓൺലൈനായി ചേർന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.
അഞ്ചു വർഷത്തിലധികമായി സംഘടനാ ഭാരവാഹിത്വത്തിൽ തുടരുന്നവർ മാറി നിൽക്കണമെന്ന ജോയിന്റ് കൗൺസിൽ തീരുമാനത്തിനു വിരുദ്ധമായി കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ആർ. രാജീവ്കുമാർ പ്രവർത്തിച്ചുവെന്നതാണ് കാരണം.
ആർ. രാജീവ്കുമാർ സംഘടനാ നിർദേശം അംഗീകരിക്കാതെ താൻ തന്നെ ജനറൽ സെക്രട്ടറിയായി തുടരുമെന്നു പ്രഖ്യാപിച്ച് ഇതിനായി പ്രവർത്തിച്ചെന്നാണു സെക്രട്ടേറിയറ്റ് കണ്ടെത്തിയത്. കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ തന്റെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ആർ.വി. സന്തോഷിന്റെ പേർ പ്രസിഡന്റ് സ്ഥാനത്തേക്കും നിർദേശിച്ചു പാനൽ തയാറാക്കുകയും പാസാക്കിയെടുക്കുകയും ചെയ്തു. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനമാണിതെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്.
ആർ. രാജീവ്കുമാറിനെ ജോയിന്റ് കൗൺസിലിന്റെ തെരഞ്ഞെടുക്കപ്പെട്ട് എല്ലാ സ്ഥാനങ്ങളിൽനിന്നു ഒഴിവാക്കിയതിനൊപ്പം മാതൃസംഘടനയുടെ നിർദേശങ്ങൾക്കു വിരുദ്ധമായി കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പദവി ഏറ്റെടുത്ത ആർ.വി. സതീഷ്കുമാറിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
നടപടിക്ക് എറണാകുളം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അതേസമയം, സംഘടനാപരമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഇപ്പോഴുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും ആർ. രാജീവ്കുമാർ പ്രതികരിച്ചു.