അരലക്ഷം കന്നുകാലികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ: ധാരണാപത്രം ഒപ്പിട്ടു
Wednesday, October 30, 2024 10:29 PM IST
തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷ്വറൻസ് പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പ്, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, സംസ്ഥാന ഇൻഷ്വറൻസ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ.എസ്.ദീപ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി ഡപ്യുട്ടി ജനറൽ മാനേജർ ജെന്നി പി. ജോണ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ആദ്യ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റും ചടങ്ങിൽ പ്രകാശനം ചെയ്തു.
ആദ്യഘട്ടത്തിൽ 50,000 കന്നുകാലികൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക് 50 ശതമാനവും പട്ടികജാതി- വർഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക് 70 ശതമാനവും പ്രീമിയം തുക സർക്കാർ സബ്സിഡി നൽകും.
65,000 രൂപ മതിപ്പുവിലയുള്ള കാലിക്ക് ഒരുവർഷ പ്രീമിയം 2912 രൂപയായിരിക്കും. ഇതിൽ പൊതുവിഭാഗത്തിലെ കുടുംബം 1456 രുപ അടച്ചാൽ മതി. തുല്യ തുക സർക്കാർ വഹിക്കും. പട്ടികവിഭാഗ കുടുംബമാണെങ്കിൽ 874 രൂപ പ്രീമിയം നൽകിയാൽ മതിയാകും. 2038 രൂപ സർക്കാർ വഹിക്കും. മൂന്നു വർഷ പ്രീമിയത്തിനും ഇതേ നിരക്കിൽ സബ്സിഡി ലഭിക്കും.