ആശങ്കയുടെ നെരിപ്പോടിൽ പുഞ്ചിരിമട്ടം ദുരന്തബാധിതർ
Thursday, October 31, 2024 12:20 AM IST
കൽപ്പറ്റ: വാടകവീടുകളിൽ എത്രകാലം കഴിയണമെന്ന ആശങ്കയിൽ വയനാട് പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർ. സ്ഥിരം പുനരധിവാസത്തിന് ടൗണ്ഷിപ് സജ്ജമാക്കാൻ സർക്കാർ കണ്ടെത്തിയ സ്ഥലങ്ങൾ നിയമക്കുരുക്കിൽ അകപ്പെട്ടതാണ് ദുരന്തബാധിതരുടെ ആശങ്കയ്ക്ക് അടിസ്ഥാനം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഭൂ-ഭവന രഹിതരായത്. രണ്ട് ടൗണ്ഷിപ്പുകൾ ഒരുക്കി ഇവരുടെ സ്ഥിരം പുനരധിവാസം സാധ്യമാക്കാനാണ് സർക്കാർ പദ്ധതിയിട്ടത്. രണ്ട് ടൗണ്ഷിപ്പുകളിലുമായി 1,000 വീടുകൾ നിർമിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയത്.
സ്ഥിരം പുനരധിവാസത്തിന് ഹാരിസണ്സ് മലയാളം കന്പനിയുടെ കൈവശം മേപ്പാടി നെടുന്പാലയിലുള്ളതിൽ 65.41 ഉം കൽപ്പറ്റയ്ക്കടുത്ത് എൽസ്റ്റൻ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനിൽപ്പെട്ട 78.73 ഉം ഹെക്ടർ ഭൂമിയാണ് സർക്കാർ കണ്ടെത്തിയത്. ഈ സ്ഥലങ്ങൾ 2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് സർക്കാർ ഏറ്റെടുക്കുന്നതിനെതിരേ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെ ഈ ഭൂമികളിൽ അവകാശം ഉന്നയിച്ച് ജില്ലാ കളക്ടർ ബത്തേരി സബ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. ഇതോടെയാണ് പുനരധിവാസത്തിനുള്ള സ്ഥലമെടുപ്പ് അനിശ്ചിതത്വത്തിലായത്.
2013ലെ എഎആർആർ നിയമം അനുസരിച്ച് വില നൽകി ഭൂമി ഏറ്റെടുക്കണമെന്നാണ് തോട്ടം മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളിലെ ആവശ്യം. ഹർജികൾ നവംബർ നാലിന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. നിയമപ്രശ്നങ്ങൾ ഇല്ലാത്തതും ടൗണ്ഷിപ്പുകൾക്കു യോജിച്ചതുമായ വേറെ ഭൂമി വയനാട്ടിൽ സുലഭമല്ലാത്ത സാഹചര്യമാണ് നിലവിൽ. വയനാട് മെഡിക്കൽ കോളജ് നിർമാണത്തിന് കൽപ്പറ്റ മടക്കിമലയ്ക്കടുത്ത് 50 ഏക്കർ ഭൂമി ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനം ചെയ്തിരുന്നു.
പ്രകൃതിദുരന്തത്തിനു സാധ്യതയുള്ളതെന്നു ചില കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടതിനെത്തുടർന്ന് ഈ ഭൂമിയിൽ മെഡിക്കൽ കോളജിനു നിർമാണം നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ട്രസ്റ്റ് ദാനം ചെയ്ത ഭൂമിയിൽ സർക്കാരിനു നിലവിൽ അവകാശവുമില്ല. മെഡിക്കൽ കോളജിന് ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ ഭൂമി വിട്ടുകിട്ടുന്നതിന് ചന്ദ്രപ്രഭ ട്രസ്റ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി അനുവദിക്കുകയാണുണ്ടായത്. ഭൂമി ട്രസ്റ്റിനു തിരികെ നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നില്ല.
നിയമപ്രശ്നങ്ങളില്ലാത്ത ഭൂമിയിൽ പുനരധിവാസം നടത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്. അതിനു കഴിയാത്തപക്ഷം ഓരോ കുടുബത്തിനും കൃഷിക്കും ഭവനനിർമാണത്തിനും ആവശ്യമായ സ്ഥലം സ്വന്തം നിലയിൽ കണ്ടെത്തി വാങ്ങുന്നതിനും ഉപജീവനമാർഗം ഒരുക്കുന്നതിനും പര്യാപ്തമായ തുക സർക്കാർ നൽകണമെന്ന നിർദേശം ചിലർ വയ്ക്കുന്നുണ്ട്.
പുനരധിവാസത്തിന് എആർആർ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവുമായി എസ്റ്റേറ്റ് മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി അനുവദിക്കാനിടയില്ലെന്ന് അഭിപ്രായപ്പെടുന്നവർ ജില്ലയിൽ നിരവധിയാണ്.
സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് കന്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വച്ചിരുന്ന ഭൂമി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ കന്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വയ്ക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ തിരിച്ചടുക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവായതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അഞ്ച് വർഷം മുൻപ് ലാൻഡ് റിസംപ്ഷൻ ഓഫീസറെ നിയമിച്ചിരുന്നു.
അദ്ദേഹം സംസ്ഥാന വ്യാപകമായി അനധികൃത കൈവശത്തിലെന്നു കണ്ടെത്തിയ 1,40,000 ഏക്കറിൽ 59,000 ഏക്കർ വയനാട്ടിലാണ്. ഇതിൽപ്പെട്ടതാണ് പുനരധിവാസത്തിനു ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച ഭൂമികൾ.
2020ൽ ചെന്പ്ര പീക്ക് എസ്റ്റേറ്റിന്റെ ഭാഗമായ വാര്യാട് എസ്റ്റേറ്റ് ഉടമകൾ ഉണങ്ങിയ മരങ്ങൾ മുറിച്ചുനീക്കാൻ നൽകിയ അപേക്ഷയെത്തുടർന്ന് ലാൻഡ് റവന്യു കമ്മീഷണർ വയനാട് ജില്ലാ കളക്ടർക്ക് നൽകിയ ഉത്തരവിൽ, മേൽപറഞ്ഞ 49 എസ്റ്റേറ്റുകളുടെ ഭൂമിയുടെ ഉടമസ്ഥത സർക്കാരിനു മാത്രമാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ പറഞ്ഞു.
നിയമപ്രശ്നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്താൻ കഴിയില്ല എന്നുണ്ടെങ്കിൽ ദുരന്തബാധിത കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിക്കണമെന്ന് അവർ നിർദേശിച്ചു.