ആസൂത്രിതമായാണ് നവീൻ ബാബുവിനെ ദിവ്യ അപമാനിച്ചത്: കോടതി
Wednesday, October 30, 2024 1:56 AM IST
തലശേരി: എഡിഎം നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയ കോടതി, ഈ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് 38 പേജുള്ള വിധിന്യായത്തിൽ പ്രസ്താവിച്ചു.
പ്രോസിക്യൂഷൻ ഹാജരാക്കിയ ചാനൽ വാർത്തയുടെ പൂർണമായ ദൃശ്യങ്ങളും പരിഭാഷയും ജാമ്യഹർജി തള്ളുന്നതിന് നിർണായക തെളിവായി മാറി. പ്രതിഭാഗം നൽകിയ ജാമ്യഹർജിയിൽ പല സത്യങ്ങളും മറച്ചുവച്ചതായി കോടതി വിലയിരുത്തി. കളക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളി.
വഴിയേ പോകുന്നതിനിടെയാണ് യാത്രയയപ്പ് നടക്കുന്നതെന്ന് അറിഞ്ഞതെന്ന് പറഞ്ഞ് ദിവ്യ സംസാരിക്കുന്ന ഭാഗം ഒഴിവാക്കിയാണ് പ്രതിഭാഗം കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ദൃശ്യങ്ങളിൽ ഈ വാക്കുകൾ വ്യക്തമായിരുന്നു. വളരെ ആസൂത്രിതമായാണ് ദിവ്യ നവീൻ ബാബുവിനെ അപമാനിച്ചതെന്നും കോടതി വിലയിരുത്തി.
ചാനൽ റിപ്പോർട്ടറെ അറിയിച്ച് നവീൻ ബാബുവിനെതിരേ പറയുന്ന ഭാഗം റിക്കാർഡ് ചെയ്യിച്ച ദിവ്യ നവീൻ ബാബുവിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയടക്കമുള്ളയിടങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചതായും കോടതി കണ്ടെത്തി.
കഴിഞ്ഞ 19നായിരുന്നു ദിവ്യയുടെ മുൻകൂർജാമ്യ ഹർജി കോടതി പരിഗണിച്ചത്. മൂന്നു മണിക്കൂറും പത്തു മിനിറ്റും നീണ്ടുനിന്ന വാദങ്ങൾക്കൊടുവിൽ ജാമ്യഹർജി വിധി പറയുന്നതിനായി ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ദിവ്യക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻബാബുവിന്റെ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകരും ശക്തമായി എതിർത്തിരുന്നു.
ദിവ്യക്കെതിരേ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ദിവ്യ നടത്തിയിട്ടുള്ളതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.
ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിവ്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാറും നവീൻ ബാബുവിന്റെ ഭാര്യ പത്തനംതിട്ട താഴംകരുവള്ളിൽ വീട്ടിൽ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്. റാൽഫ്, അഡ്വ. പി.എം. സജിത എന്നിവരുമാണ് കോടതിയിൽ ഹാജരായത്. ദിവ്യക്കുവേണ്ടി അഡ്വ. കെ. വിശ്വനാണ് ഹാജരായത്.