സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പ്; മൂന്നു തവണ തുടർച്ചയായി ജയിച്ചവർക്ക് മത്സരിക്കാം
Wednesday, October 30, 2024 10:59 PM IST
കൊച്ചി: സഹകരണസംഘം ഭരണസമിതിയിലേക്ക് തുടര്‍ച്ചയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സഹകരണ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു ഭേദഗതി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
അതേസമയം, 2024 ജൂണ്‍ ഏഴിന് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതോടെ പ്രാബല്യത്തില്‍ വന്ന നിയമത്തിലെ മറ്റു ഭേദഗതികള്‍ സിംഗിള്‍ ബെഞ്ച് ശരിവച്ചു. ഭേദഗതികളില്‍ ചിലത് ഏകപക്ഷീയ നടപടിയാണെന്നു ചൂണ്ടിക്കാട്ടി വിവിധ സഹകരണസംഘം ഭരണസമിതി ഭാരവാഹികളടക്കം നല്കിയ ഒരുകൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കൂട്ടിച്ചേര്‍ത്തതും പരിഷ്കരിച്ചതുമായ 57 വ്യവസ്ഥകള്‍ പുതുതായി കൊണ്ടുവന്നാണു നിയമത്തില്‍ ഭേദഗതി വരുത്തിയത്. അക്കൗണ്ട്സ് ഓഡിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, കോമണ്‍ സോഫ്റ്റ്വേര്‍, കണ്‍സോര്‍ഷ്യം, വിവിധ സംഘങ്ങള്‍ എന്നിവയുടെ നിര്‍വചനങ്ങളിലും ഭേദഗതിക്കനുസൃതമായി മാറ്റം വരുത്തി.
ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിയന്ത്രിക്കുന്ന വ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
തുടര്‍ച്ചയായി മൂന്നു തവണ ഭരണസമിതി ഭാരവാഹിയായിരുന്നയാള്ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ അനുമതി നല്‍കാത്ത ഭേദഗതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായി സഹകരണസംഘം ഭരണസമിതി അംഗങ്ങളെ കാണരുത്. പ്രധാന തീരുമാനങ്ങളെടുക്കാന്‍ ബാധ്യസ്ഥരായാണ് അവര്‍ ഭാരവാഹികളായിരിക്കുന്നത്. ദീര്‍ഘകാലത്തെ സേവനപാരമ്പര്യം സംഘത്തിനും അംഗങ്ങള്‍ക്കുമാണ് ഗുണം ചെയ്യുകയെന്നും കോടതി ചൂണ്ടിക്കാട്ടി.