ട്രെയിനുകൾ വഴി കുട്ടിക്കടത്ത് വ്യാപകം: ആർപിഎഫ് രക്ഷിച്ചത് 57,564 പേരെ
Wednesday, October 30, 2024 10:29 PM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: രാജ്യത്ത് ട്രെയിനുകൾ വഴി കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നത് വ്യാപകം. അഞ്ച് വർഷത്തിനിടെ ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന 57,564 കുട്ടികളെ റെയിൽവ സുരക്ഷാ സേന മാഫിയാ സംഘങ്ങളുടെ പിടിയിൽനിന്ന് രക്ഷപ്പെടുത്തി.
ഇവരിൽ 18,172 പേർ പെൺകുട്ടികളാണ്. ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങൾക്കും വേണ്ടിയാണ് കേരളത്തിൽ അടക്കം എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള സംഘം കുട്ടികളെ കടത്തിക്കൊണ്ട് വരുന്നത്. ആർപിഎഫ് രക്ഷപ്പെടുത്തിയവരിൽ 80 ശതമാനം കുട്ടികളെയും നിയമാനുസൃതമായി അവരുടെ കുടുംബങ്ങളിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
2022 മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ മാത്രം 2300-ൽ അധികം കുട്ടികളെ രക്ഷപ്പെടുത്താനും ആർപിഎഫിന്റെ പഴുതടച്ചുള്ള പരിശോധനകൾ വഴി സാധിച്ചു. മാത്രമല്ല കുട്ടിക്കടത്തു റാക്കറ്റിന് നേതൃത്വം നൽകുന്നവരും ഏജൻ്റുമാരുമടക്കം 674 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കുട്ടിക്കടത്ത് തടയുന്നതിനായി ഇന്ത്യൻ റെയിൽവേയും കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയവും സഹകരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. റെയിൽവേയുടെ പദ്ധതികൾക്ക് മന്ത്രാലയം ആവശ്യമായ സാമ്പത്തിക സഹായം നൽകും.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നിർഭയ ഫണ്ട് രൂപീകരിച്ചിരുന്നു. ഇതിൽ നിന്നുള്ള പണവും റെയിൽവേയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കഴിയും.
സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ആധുനിക സിസിടിവി കാമറകളും മുഖം തിരിച്ചറിയൽ സംവിധാനവും സ്ഥാപിക്കുന്നതിന് നിർഭയ ഫണ്ടിൽ നിന്ന് പണം നൽകും.
ഇതിന്റെ ഭാഗമായി പുതിയ സ്റ്റാൻഡാർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്ഒപി ) എന്ന പദ്ധതി ന്യൂഡൽഹിയിലെ റെയിൽവേ ഭവനിൽ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തം ആരംഭിച്ചു. ട്രെയിനുകളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റെയിൽവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രതിദിനം 2.3 കോടിയിലധികം പേരാണ് ട്രെയിൻ വഴി യാത്ര ചെയ്യുന്നത്. ഇതിൽ 30 ശതമാനം പേർ സ്ത്രീകളും കുട്ടികളുമാണ്. മാത്രമല്ല സ്ത്രീകളിൽ നല്ലൊരു പങ്കും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്.ചൂഷണത്തിന് ഇരകളാകുന്ന കുട്ടികൾ അടക്കമുള്ളവരെ സംരക്ഷിക്കാൻ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ ശക്തിപ്പെടുത്താനാണ് റെയിൽവേ സംരക്ഷണ സേനയുടെ തീരുമാനം.
ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരം യൂണിറ്റുകൾ അടിയന്തരമായി സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
രാജ്യത്തുടനീളം 262 സ്റ്റേഷനുകളിൽ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ സ്ഥാപിക്കാൻ നേരത്തേതന്നെ തീരുമാനം എടുത്തിരുന്നതാണ്.എന്നാൽ ചില സംസ്ഥാനങ്ങൾ പദ്ധതിയുമായി സഹകരിക്കാത്ത അവസ്ഥയുണ്ട്.
യൂണിറ്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വനിതാ ശിശു മന്ത്രാലയവും റെയിൽവേയും സംയുക്തമായി പ്രസ്തുത സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാർക്കും കത്തെഴുതാൻ തീരുമാനിച്ചിരിക്കയാണ്.
ട്രെയിനിൽ യാത്ര ചെയ്യുന്ന അവിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് റെയിൽവേയുടെ ‘ഓപ്പറേഷൻ മേരി സഹേലി’ എന്നൊരു പദ്ധതി നിലവിലുണ്ട്. ഇത് കൂടുതൽ സജീവമാക്കാനും ആർപിഎഫിന് റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഇതു കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനവും ആരംഭിക്കും. അതത് പ്രദേശത്തെ ശിശുക്ഷേമ സമിതികളുമായി സഹകരിച്ചായിരിക്കും ഇവ തുടങ്ങുക.
കുട്ടികളുടെ സുരക്ഷയ്ക്കായി 2022-ൽ ആർപിഎഫ് ആരംഭിച്ച മിഷൻ വാത്സല്യ എന്ന പദ്ധതി കൂടുതൽ പരിഷ്കരിച്ച് അതുമായി സംയോജിപ്പിച്ചായിരിക്കും ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം.