സുരേഷ്ഗോപിക്ക് സിനിമാസ്റ്റൈൽ ധിക്കാരമെന്ന് സതീശൻ
Wednesday, October 30, 2024 10:29 PM IST
പാലക്കാട്: സുരേഷ് ഗോപിക്കു ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണു ശരീരഭാഷയും സംസാരവുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്.
പൂരംകലക്കലില്‍ സിബിഐ അന്വേഷണം വേണമെന്നും ഈ ആവശ്യം ഉന്നയിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവുമായി മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കളെ അസഭ്യമായ ഭാഷയില്‍ വെല്ലുവിളിക്കുകയുമാണ് സുരേഷ് ഗോപി ചെയതത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു സിപിഎം നേതാവ്പോലും പ്രതികരിച്ചില്ല.
ഏതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യംചെയ്യാന്‍ ധൈര്യമുണ്ടോയെന്നും സതീശന് വെല്ലുവിളിച്ചു. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂവ് ഔട്ട് എന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും സതീശന് പറഞ്ഞു.