ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള അപേക്ഷ ഹൈക്കോടതി തള്ളി
Wednesday, October 30, 2024 10:59 PM IST
കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള അപേക്ഷ ഹൈക്കോടതി തള്ളി.
പെണ്‍കുട്ടിയുടെ ജീവന് ഹാനികരമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ ദത്തു നല്കാന് പെണ്‍കുട്ടിയും മാതാപിതാക്കളും സന്നദ്ധരാണങ്കില് സര്‍ക്കാര്‍ അതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടിയുടെ സുഹൃത്താണ് ഗര്‍ഭിണിയാക്കിയത്. ഗര്‍ഭം ധരിച്ച വിവരം വൈകിയാണു മനസിലാക്കിയത്. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിനായി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ആശുപത്രികളെ സമീപിച്ചിരുന്നു. എന്നാല്‍ ഗര്‍ഭകാലത്തിന്റെ ഈ ഘട്ടത്തില്‍ കോടതിയുടെ അനുമതി ആവശ്യമാണെന്ന് നിർദേശിച്ചു. തുടര്‍ന്നാണു രക്ഷിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പെൺകുട്ടിയെ പരിശോധിച്ചിരുന്നു. ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നു വിലയിരുത്തിയ കോടതി, ബന്ധപ്പെട്ട നിയമത്തിലെ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണു വിധി പറഞ്ഞത്.
24 ആഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമപരമല്ലെന്നാണു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പറയുന്നതെന്നും കോടതി ചൂണ്ടികാട്ടി.