ഉത്സവത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ച് 154 പേര്‍ക്കു പരിക്ക്
Wednesday, October 30, 2024 1:56 AM IST
നീലേശ്വരം (കാസര്‍ഗോഡ്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ച് 154 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 101 പേര് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 21 പേര് ഐസിയുവിലാണ്. ഇവരിൽ ഏഴുപേർ അതീവ ഗുരുതരാവസ്ഥ യിലാണ്.
കരിന്തളം ചോയ്യങ്കോട് സ്വദേശി സന്ദീപിന്റെ (38) നില അതീവഗുരുതരമാണ്. 45 ശതമാനം പൊള്ളലേറ്റ സന്ദീപിനെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു പേരില്‍ നാലു പേരുടെയും നില ഗുരുതരമാണ്. ഇവര്‍ വെന്റിലേറ്ററിലാണുള്ളത്. മറ്റു രണ്ടു പേര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള 25 പേരില്‍ അഞ്ചു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. രണ്ടു പേര് വെന്റിലേറ്ററിലാണ്. ചികിത്സയിലുള്ള മറ്റുള്ളവര്‍ അപകടനില തരണം ചെയ്തു.
തിങ്കളാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. വടക്കന്‍ മലബാറിലെ തെയ്യക്കാലത്തിനു തുടക്കംകുറിച്ച് ആരംഭിച്ച മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റം ചടങ്ങ് നടക്കുകയായിരുന്നു.
ക്ഷേത്രമതിലിനു സമീപത്തെ തകരഷീറ്റിട്ട ചെറിയൊരു കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന്റെ തൊട്ടുപുറകില്‍ വെടിക്കെട്ട് നടത്തിയതാണ് അപകടത്തിനു കാരണമായത്. പടക്കം സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ കുറഞ്ഞത് 200 മീറ്റര്‍ അകലമെങ്കിലും വേണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ കെട്ടിടത്തിന്റെ വെറും മൂന്നടി മാത്രം അകലത്തിലാണ് വെടിക്കെട്ട് നടത്തിയത്.
പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡിലേക്കു വീണതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. വലിയ തീഗോളം പോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ചുവരുകള്‍ തകരുകയും മേല്‍ക്കൂരയിലെ തകരഷീറ്റ് പറന്നുപോകുകയും ചെയ്തു.
തെയ്യംകെട്ട് വ്യക്തമായി കാണാനായി ഈ കെട്ടിടത്തിനുള്ളില്‍ നിന്നവര്ക്കാണു പൊള്ളലേറ്റത്. അപകടസ്ഥലത്ത് സ്ത്രീകളും കുട്ടികളു മടക്കം നൂറുകണക്കിനാളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിനു പുറമേ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്കു പരിക്കേറ്റു. സ്ഫോടനശേഷി കുറഞ്ഞ പടക്കങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
മൂന്നുപേര്‍ അറസ്റ്റില്‍
നീലേശ്വരം: വെടിക്കെട്ട് അപകടവുമായി ബന്ധ പ്പെട്ട് മൂന്നുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ചന്ദ്രശേഖരന്, ഭരതന്, വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഭരതന് റിട്ട. എസ്ഐയാണ്. എ.വി. ഭാസ്കരന്, തമ്പാന്, ചന്ദ്രന്, ബാബു, ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബിഎന്‍എസ് 288 (സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം) 125 (എ), 125 (ബി) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സ്ഫോടകവസ്തു നിയമം (ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.