ടി.ജെ.എസ്. ജോർജിന് വക്കം മൗലവി സ്മാരക പുരസ്കാരം
Wednesday, October 30, 2024 10:29 PM IST
തിരുവനന്തപുരം: പ്രശസ്ത പത്രപ്രവർത്തകനായ ടി.ജെ.എസ്. ജോർജിനെ വക്കം മൗലവി സ്മാരക പുരസ്കാരത്തിന് തെരഞ്ഞെടുത്തു.
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ (വക്കം) ഏർപ്പെടുത്തിയ പുരസ്കാരം പത്രസ്വാതന്ത്ര്യത്തിനായുള്ള ടി.ജെ.എസ്. ജോർജിന്റെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് നൽകുന്നത്.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോർജ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്.
ഫാർ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേർണൽ, ഏഷ്യാവീക്ക്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു.
ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.