ദിവ്യയുടെ അറസ്റ്റിൽ ആശ്വാസമെന്ന് നവീൻ ബാബുവിന്റെ ഭാര്യ
Wednesday, October 30, 2024 1:56 AM IST
പത്തനംതിട്ട: പി.പി. ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ ആശ്വാസമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അറസ്റ്റ് വാര്‍ത്തയറിഞ്ഞ ശേഷം മലയാലപ്പുഴയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അവര്‍.
നവീന്‍ ബാബുവിന്റെ മരണശേഷം ഇന്നലെയാണ് മഞ്ജുഷ ആദ്യമായി പ്രതികരിച്ചത്. രാവിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകുമെന്നും മഞ്ജുഷ പറഞ്ഞിരുന്നു.
ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം; പരമാവധി ശിക്ഷ നല്‍കുകയും വേണം.ആ വേദിയില്‍ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്.
കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിനുശേഷം ഭർത്താവു മായി തമ്മിൽ പലതവണ സംസാരിച്ചു. അദ്ദേഹത്തിന് വിഷമവും മാനസിക ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി. പെട്രോൾ പന്പിന്റെ അനുമതി സംബന്ധിച്ച ഫയലിനെക്കുറിച്ച് സംസാരിച്ചു. അതിൽ അദ്ദേഹം മനഃപൂർവം കാലതാമസം വരുത്തിയിരുന്നില്ല. ടൗൺ പ്ലാനറിൽ നിന്നുള്ള കാലതാമസമാണുണ്ടായത്.
പോസ്റ്റ്മോർട്ടം തങ്ങൾ ചെല്ലുന്നതിനു മുന്‍പ് നടന്നു. ഇതിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പു യോഗത്തിൽ കളക്ടർക്ക് ഉത്തരവാദിത്വത്തിൽനിന്ന്
ഒഴിഞ്ഞുമാറാനാകില്ലെന്നും മഞ്ജുഷ പറഞ്ഞു.