മലിനജല സംസ്കരണം സാങ്കേതികവിദ്യ കൂടുതൽ ഏജൻസികളിലേക്ക്
Thursday, October 31, 2024 12:20 AM IST
തിരുവനന്തപുരം: ഉറവിടത്തിൽതന്നെ മലിനജലം സംസ്കരിക്കുന്നതിനു സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) വികസിപ്പിച്ച സാങ്കേതികവിദ്യ കൂടുതൽ ഏജൻസികൾക്കു കൈമാറി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങൾ നൽകുന്ന സംഭാവനകളുടെ അടയാളപ്പെടുത്തൽ കൂടിയാണിത്.
തുറമുഖ, ദേവസ്വംമന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ കോട്ടയം വെളിയന്നൂർ, ഈനാട് യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായും എഫ്ഒഎബി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായും നോവ സാങ്കേതികവിദ്യ കൈമാറുന്നതിനായുള്ള ധാരണാപത്രത്തിൽ എൻഐഐഎസ്ടി ഒപ്പുവച്ചു. എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും രണ്ട് ഏജൻസികളുടെയും പ്രതിനിധികളും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറി.
മലിനജലത്തിൽനിന്ന് ശുദ്ധമായ വെള്ളവും ജൈവ ഊർജവും ജൈവവളവും വീണ്ടെടുക്കാൻ സാധിക്കുന്ന എൻജിനിയറിംഗ് ബയോളജിക്കൽ ട്രീറ്റ്മെന്റ് സംവിധാനമാണ് നോവ.സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പേറ്റന്റ് നേടിയ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
കേരള സംസ്ഥാന ശുചിത്വ മിഷൻ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനോടകംതന്നെ വിവിധ വ്യാവസായിക സൈറ്റുകളിൽ ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുകയും ചെയ്യുന്നു.