ഉത്സവ സീസണിലെ തിരക്കൊഴിവാക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം നിർത്തി
Wednesday, October 30, 2024 10:29 PM IST
കൊല്ലം: ദീപാവലി അടക്കമുള്ള ഉത്സവ സീസൺ പ്രമാണിച്ച് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സീസൺ ടിക്കറ്റ് വിതരണം ദക്ഷിണ റെയിൽവേ താത്കാലികമായി നിർത്തിവച്ചു.
സ്റ്റേഷൻ പരിസരങ്ങളിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിനും യാത്രക്കാരുടെ തടസ രഹിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനും മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി.
ചില ട്രെയിനുകൾ യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിൽ ബോർഡിംഗ് പ്രക്രിയ സുഗമവും കാര്യക്ഷമവും ആക്കുന്നതിന് ജനറൽ കോച്ചുകളിൽ ക്യൂ സംവിധാനവും ഏർപ്പെടുത്തി. ആർപിഎഫിനും ജനറൽ റെയിൽവേ പോലീസിനുമാണ് ഇതിന്റെ നിയന്ത്രണ ചുമതല.
റിസർവ് ചെയ്ത കോച്ചുകളിൽ അനധികൃതമായി കയറുന്ന ആൾക്കാരെ കർശനമായി തടയും. ഇത്തരക്കാരെ ഇറക്കിവിട്ട് അൺറിസർവ്ഡ് കോച്ചുകളിൽ കയറാൻ പോലീസിന്റെ സേവനം ഉണ്ടാകും.
പ്രധാന സ്റ്റേഷനുകളിലെല്ലാം കൂടുതൽ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അധിക ബുക്കിംഗ് കൗണ്ടറുകളും തുറന്നു.
വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 32 ട്രെയിൻ സർവീസുകളിൽ അധിക കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിക്കും തിരക്കും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പ്രധാന സ്റ്റേഷനുകളിലെ ഫുട് ഓവർ ബ്രിഡ്ജുകളിൽ കൂടുതൽ പോലീസിനെയും വിന്യസിച്ചു. പോക്കറ്റടി, മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ 24 മണിക്കൂറും കർശനമായി പരിശോധിക്കുന്നതിന് വിദഗ്ധരായ ആർപിഎഫ് ഉദ്യോഗസ്ഥരെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചിട്ടുണ്ട്.