ബസും ടോറസും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം
Wednesday, October 30, 2024 10:29 PM IST
കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം.
ആലുവ കുട്ടമശേരി അമ്പലപ്പറമ്പ് വട്ടപറമ്പ് വീട്ടില്‍ യൂസഫിന്റെയും ഹവ്വയുടെയും മകള്‍ നസീറ (സുലു-50) ആണു മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.45ന് വള്ളത്തോള്‍ സിഗ്നല്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. എട്ടുപേരെ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലും 12 പേരെ തൃക്കാക്കര ബി ആന്‍ഡ് ബി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏഴരയോടെ പൂക്കാട്ടുപടിയില്നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ഭാഗത്തായിരുന്നു നസീറ നിന്നിരുന്നത്. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള കടയിലേക്കും ഇടിച്ചുകയറി. കടയ്ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മരിച്ച നസീറ സ്വകാര്യസ്ഥാപനത്തില്‍ ക്ലീനിംഗ് തൊഴിലാളിയാണ്. ദീര്‍ഘകാലമായി ഇവര്‍ എടത്തല എന്‍എഡിക്കു സമീപം വാടകയ്ക്കാണ് താമസം. മക്കള്‍: ഹനീഫ, അസറുദ്ദീന്.