ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ ചുമതലയേറ്റു
Wednesday, October 30, 2024 10:59 PM IST
കൊച്ചി: അഞ്ച് ജുഡീഷല്‍ ഓഫീസര്‍മാര്‍ കേരള ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഒന്നാം നമ്പര്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതിയിലെ മറ്റു ജഡ്ജിമാരും അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണ, ഹൈക്കോടതി രജിസ്ട്രാര്‍ (ഡിസ്ട്രിക്ട് ജുഡീഷറി) ജോബിന് സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണന് എന്നിവരാണ് അഡീ. ജഡ്ജിമാരായി ചുമതലയേറ്റത്.
സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത ഇവരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ അഡീ. ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇവര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 45 ആയി.