കണ്ണൂർ കളക്ടറോട് സിപിഎമ്മിന് ‘കരുതൽ’; സിപിഐക്ക് അതൃപ്തി
Wednesday, October 30, 2024 10:29 PM IST
റെനീഷ് മാത്യു
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയനോട് സിപിഐ അതൃപ്തി പ്രകടപ്പിക്കുന്പോഴും സിപിഎമ്മിന് ‘കരുതൽ’.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് വേദിയില്‍ മൗനം പാലിച്ച അരുണ്‍ കെ. വിജയനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടും കളക്ടർ തൽസ്ഥാനത്ത് തുടരുകയാണ്. കളക്ടറെ മാറ്റണമെന്ന് സിപിഐയും റവന്യുമന്ത്രി കെ. രാജനും ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായില്ല.
ഇതിനിടയിലാണ്, എഡിഎമ്മിന് തെറ്റുപറ്റിയെന്ന് തന്നോട് പറഞ്ഞതായി കളക്ടർ നല്കിയ മൊഴി പുറത്തുവന്നത്. പി.പി. ദിവ്യയുടെ ജാമ്യഹർജിയെ സാധൂകരിക്കുന്ന തരത്തിലുള്ള മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കളക്ടറെ സിപിഎം സംരക്ഷിക്കുന്നതിന്റെ പ്രത്യുപകാരമാണ് ഇതെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്.
നവീൻ ബാബുവിന്റെ കുടുംബം കളക്ടർക്കെതിരേ മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല. പി.പി. ദിവ്യ അറസ്റ്റിലായതിനു പിന്നാലെ കളക്ടറെയും പ്രതി ചേർക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിന്റെ മരണശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ട കളക്ടർ വിട്ടുനിന്നിരുന്നു. കളക്ടറേറ്റിലും എത്തിയിരുന്നില്ല. ഇതിനിടെ, സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും സർക്കാർ പരിഗണിച്ചില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് അരുൺ കെ. വിജയൻ കളക്ടറേറ്റിൽ എത്തിയതും സജീവമായതും.
കളക്ടർ പങ്കെടുക്കേണ്ട റവന്യുമന്ത്രി കെ. രാജന്റെ കണ്ണൂരിൽ നടക്കേണ്ട ഭൂമിതരംമാറ്റൽ സംസ്ഥാനതല അദാലത്ത് കളക്ടറോടുള്ള അതൃപ്തിയിൽ കാസർഗോഡേക്കു മാറ്റുകയായിരുന്നു. സിപിഐയും ഭരണ-പ്രതിപക്ഷ സംഘടനകളും കളക്ടറോടുള്ള എതിർപ്പ് തുടരുന്പോഴും കണ്ണൂർ കളക്ടറായി അരുൺ കെ. വിജയൻ തുടരുകയാണ്.
ആദ്യം സഹതാപം, പിന്നീട് മനംമാറ്റം
സൗമ്യനായ ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു കെ. നവീൻ ബാബുവെന്നാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്കിൽ കുറിച്ചിട്ടത്.
സഹപ്രവർത്തകനായ എഡിഎം നവീൻ ബാബുവിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നുപറഞ്ഞ് കളക്ടർ കമന്റ് ബോക്സ് ലോക്ക് ചെയ്യുകയും ചെയ്തു. വിമര്‍ശനവും ആക്ഷേപവും മുന്‍കൂട്ടിക്കണ്ടാണ് കളക്ടര്‍ എഡിഎമ്മിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് പങ്കുവച്ചപ്പോള്‍ കമന്റ് ഓപ്ഷന് ഓഫ് ചെയ്തത്.
യാത്രയയപ്പ് വേദിയില്‍ മൗനം പാലിച്ചതിലും എഡിഎമ്മിന്റെ മൃതദേഹം കണ്ണൂര്‍ കളക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സൗകര്യമേര്പ്പെടുത്താത്തതിലുമടക്കം ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു. ജീവനക്കാർ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുകയും ചെറിയ വീഴ്ചകളില്‍ നടപടിയെടുക്കുകയും ചെയ്യുന്ന കളക്ടര്‍ രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ എപ്പോഴും വിനീത ദാസനായി നില്ക്കുന്ന ആളാണെന്ന് ഇടതുപക്ഷ അനുകൂല സംഘടനാ നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു.
എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദയോഗത്തില്‍ ദിവ്യ പങ്കെടുത്തതിന് പിന്നില്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന ആരോപണം തുടക്കം മുതൽ ശക്തമായിരുന്നു. എഡിഎമ്മിനെ അധിക്ഷേപിക്കാന്‍ ജില്ലാ കളക്ടര്‍ സാഹചര്യം ഒരുക്കിയോയെന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ഭരണ-പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകളുടെയും ആവശ്യം.
എഡിഎമ്മിന്റെ മരണത്തിൽ ജില്ലാ കളക്ടറും ഉത്തരവാദിയെന്ന് ബിജെപിയും ആരോപിച്ചിരുന്നു. പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ കളക്ടർ ക്ഷണിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നും പറഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണം കളക്ടർ നിഷേധിച്ചിരുന്നുവെങ്കിലും ഇവർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നുവെന്ന തെളിവ് ലഭിച്ചിരുന്നു.
കളക്ടര്‍ പദവിയില്‍നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ പദവിയിൽ ഇരുന്നാണ് അന്വേഷണം നേരിടുന്നത്. നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയ കളക്ടർ യാത്രയയപ്പ് ചടങ്ങിനു ശേഷം എഡിഎമ്മിനോട് സംസാരിച്ചിരുന്നോയെന്ന ചോദ്യത്തിന് അന്ന് മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ, പി.പി. ദിവ്യയുടെ ജാമ്യഹർജി തള്ളിയതിനുശേഷമാണ്, താൻ സംസാരിച്ചിരുന്നുവെന്ന് അരുൺ കെ. വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്.