സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
Wednesday, October 30, 2024 10:59 PM IST
കൊച്ചി: മലയാള സിനിമാ എഡിറ്റര്‍ ഹരിപ്പാട് സ്വദേശി നിഷാദ് യൂസഫിനെ(43) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ നാലിനാണു കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഈ ഫ്ലാറ്റിലായിരുന്നു താമസം. ചെന്നൈയിലായിരുന്ന നിഷാദ് ഇന്നലെ പുലര്‍ച്ചെ ഒന്നിനാണു വീട്ടിലെത്തിയത്.
പുലര്‍ച്ചെ വീട്ടുകാർ വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. എറണാകുളം സൗത്ത് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോള്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നിരവധി മലയാള സിനിമകളുടെ എഡിറ്ററായി നിഷാദ് യൂസഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന് ജാവ, തല്ലുമാല, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ഉടല്, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍.
2022ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളാണ്.
സിനിമാ മേഖലയ്ക്ക് തീരാനഷ്ടം
കരിയറിന്റെ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് ജീവിതം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണു സിനിമാലോകം.
മരണവിവരമറിഞ്ഞ് നടന് ടൊവിനോ തോമസ്, പ്രൊഡ്യൂസര്‍ എന്‍.എം. ബാദുഷ തുടങ്ങി സിനിമാരംഗത്തെ നിരവധിപ്പേര്‍ വീട്ടിലും ആശുപത്രിയിലുമെത്തി. അടുത്തിടെ സൂര്യ നായകനായ ചിത്രത്തിന്റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു.
സമകാലിക സിനിമയില്‍ തന്നെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നതിനുള്ള തെളിവായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രവും. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രത്തിന്റെയും എഡിറ്റര്‍ നിഷാദ് യൂസഫായിരുന്നു.
മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രങ്ങളുടെ എഡിറ്ററായിരുന്നു നിഷാദ് യൂസഫെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അനുശോചന സന്ദേശത്തിൽ പറഞ്ഞു.