ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നയാള്‍ അറസ്റ്റില്‍
Wednesday, October 30, 2024 10:29 PM IST
കൊച്ചി: ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവര്‍ന്നയാള്‍ അറസ്റ്റില്‍. വരാപ്പുഴ പള്ളിപ്പറമ്പില്‍ വീട്ടില്‍ നന്ദകൃഷ്ണ(23)നെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡീഷ സ്വദേശിയായ ചരണ നായിക്ക് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് കണ്ടെയ്നര്‍ റോഡിലൂടെ സൈക്കിളില്‍ പോകുമ്പോള്‍ ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ വച്ച് നന്ദകൃഷ്ണനും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരനും സ്കൂട്ടറില്‍ വന്ന് ചരണ നായിക്കിന്റെ സൈക്കിളിനു പിന്നില്‍ സ്കൂട്ടര്‍ ഇടിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ചരണിനെ പ്രതി ഹെല്‍മറ്റുകൊണ്ട് ഇടിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണും 1000 രൂപയും അപഹരിച്ച് സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ചരണിന്റെ കൈക്കും കാലിനും മുറിവും ശരീരം മുഴുവന്‍ നീരും വന്നിരുന്നു.
പോലീസില്‍ പരാതി നല്‍കിയെങ്കിലും ചരണിന് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്കു മാറ്റി. നന്ദകൃഷ്ണനെതിരേ വിവിധ സ്റ്റേഷനുകളില്‍ അടിപിടി, മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.