അസി. എൻജിനിയർ മുതൽ സ്കാവഞ്ചർ വരെ കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ
Wednesday, October 30, 2024 10:29 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ എല്ലാ വിഭാഗങ്ങളിലും ദിവസവേതനക്കാർ. അസിസ്റ്റന്റ് എൻജിനിയർ മുതൽ സ്കാവഞ്ചർ തസ്തിക വരെ കരാർ ജീവനക്കാർ മാത്രം. സ്ഥിരം നിയമനം തത്കാലം വേണ്ട എന്ന നിലപാടാണ് മാനേജ്മെന്റിന്.
ഇത് സ്ഥിരനിയമനം പ്രതീക്ഷിച്ചു കഴിയുന്ന ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയെ താത്കാലിക നിയമനം നടത്താവൂ എന്നതൊന്നും കെഎസ്ആർടിസിക്ക് ബാധകമല്ലെന്ന മട്ടാണ് കോർപറേഷന്റേത്. ഒരു ഒഴിവുപോലും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.
ഈ സാമ്പത്തിക വർഷം കെ എസ്ആർടിസി മെച്ചപ്പെട്ട അവസ്ഥയിലാണ് എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ദിവസവേതനക്കാരെ നിയമിക്കുന്നത്.
അമ്പതോളം അസി. എൻജിനിയർമാരെ1200 രൂപദിവസവേതനത്തിലാണ് നിയമിക്കുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരിൽ നല്ലൊരു ശതമാനവും ദിവസവേതനക്കാരാണ്. കാലാകാലങ്ങളായി ദിവസവേതനക്കാരായ കണ്ടക്ടർമാരെ നിയമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മെക്കാനിക്കുകളെയും ഡ്രൈവർമാരെയും നിയമിച്ചു തുടങ്ങി.
കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങിയ വിഭാഗങ്ങൾക്ക് ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. സ്ഥിരം ജീവനക്കാർക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നല്കേണ്ടതില്ല. ഡ്രൈവർമാർ 10,000 രൂപയും മെക്കാനിക്കുകൾ 5000 രൂപയും ഡിപ്പോസിറ്റായി അടയ്ക്കുകയും വേണം.
കെഎസ്ആർടിസിയിൽ ദിവസവേതനക്കാരെ നിറയ്ക്കുമ്പോൾ സ്ഥിരം തൊഴിലിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കാണ് അവസരം നിഷേധിക്കപ്പെടുന്നത്. 2016 കാലഘട്ടങ്ങളിൽ സ്ഥിരം ജീവനക്കാരും എം പാനലുകാരുമായി 42,000ത്തോളം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ സ്ഥിരം ജീവനക്കാർ 22000ത്തോളമായി കുറഞ്ഞു.
അവരിൽ 2600 പേർ ഉടൻ തന്നെ വിരമിക്കും. വിരമിക്കുന്ന ഒഴിവുകളിൽ ദിവസവേതനക്കാരെ നിയമിക്കാനാണ് നീക്കം. ജീവനക്കാർ കരാറുകാരായതു പോലെ ബസുകളും കരാറടിസ്ഥാനത്തിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.