മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിന്റെ അപചയം: ബിഷപ് ഡോ. പുത്തൻവീട്ടിൽ
Thursday, October 31, 2024 12:20 AM IST
മുനമ്പം: മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിന്റെ അപചയമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ കാവലാളാകേണ്ട മാധ്യമങ്ങളിൽ പലരും ഈ പ്രശ്നം തമസ്കരിക്കുമ്പോൾ അവയും അപചയത്തിന്റെ പാതയിലാണ്. മുനമ്പം ജനതയ്ക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും ഇവിടത്തെ ജനത്തോടൊപ്പമുണ്ടാകുമെന്നും ഡോ. പുത്തൻവീട്ടിൽ പറഞ്ഞു.
രതി അംബുജാക്ഷൻ, ഷൈനി മാർട്ടിൻ, ജൂഡി ആന്റണി, ഷീബ ടോമി, ജെസി ബേബി, മോളി റോക്കി, സിന്ധു ഹരിദാസ്, മേരി ജോസി, സൗമി വേണു, ഗ്രേയ്സി ജോയി, ബീന ഷാജൻ എന്നിവർ ഇന്നലെ നിരഹാരമനുഷ്ഠിച്ചു.
കോട്ടപ്പുറം വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ, കൊല്ലം രൂപത പ്രതിനിധികൾ, എസ്എംവൈഎം, കേരള കോൺഗ്രസ് എം നേതാക്കൾ തുടങ്ങിയവർ ഇന്നലെ മുനന്പത്തെത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
സർക്കാർ ഇടപെടണം: സിഎസ്എസ്
കൊച്ചി: മുനന്പം- കടപ്പുറം മേഖലയിലെ ഭൂമി വിഷയത്തിൽ സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സിഎസ്എസ്). സമരം ചെയ്യുന്ന മുനന്പം നിവാസികളെ പിന്തുണയ്ക്കുന്നതായും സിഎസ്എസ് അറിയിച്ചു.
ഭൂമിയുടെ അവകാശവാദത്തിൽനിന്ന് വഖഫ് ബോർഡ് പിന്മാറണം. ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ട്രഷറർ ആനി ജേക്കബ്, ബനഡിക്ട് കോയിക്കൽ, വി.എം. സേവ്യർ, പി.എ. സാമുവൽ എന്നിവർ പ്രസംഗിച്ചു.