നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ക്കൂടി അറസ്റ്റില്‍
Wednesday, October 30, 2024 10:29 PM IST
നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തൈക്കടപ്പുറം കൊട്രച്ചാല്‍ മുത്തപ്പന്തറയ്ക്ക് സമീപത്തെ കെ.വി. വിജയന് (65) ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ രാജേഷിനൊപ്പം വെടിക്കു തീകൊളുത്താന്‍ വിജയന്‍കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കേസില്‍ ചൊവ്വാഴ്ച അറസ്റ്റ്ചെയ്ത ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരന്, സെക്രട്ടറിയും റിട്ട.എസ്ഐയുമായ മന്ദംപുറത്തെ കെ.ടി. ഭരതന്, വെടിമരുന്നിനു തീകൊളുത്തിയ കൊട്രച്ചാലിലെ രാജേഷ് എന്നിവരും റിമാന്‍ഡിലാണ്. ഇവര്‍ക്കു പുറമേ ക്ഷേത്രഭാരവാഹികളായ എ.വി. ഭാസ്കരന്, തമ്പാന്, ചന്ദ്രന്, ബാബു, ശശി എന്നിവര്‍കൂടി കേസില്‍ പ്രതികളാണ്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന് ജോയ്, ഗ്രേഡ് എസ്ഐ വിജയന്, ഗ്രേഡ് എഎസ്ഐ മനോജ്, എസ്സിപിഒമാരായ പി.വി.ശ്രീജിത്, സതീശന്, മധുസൂദനന്, കെ.പി.സുരേന്ദ്രന്, സിപിഒ സി.ഷീന എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ച് എഡിഎം രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.
എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നു
13 ആശുപത്രികളിലായി ചികിത്സയിലുള്ള 98 പേരില്‍ എട്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 45 ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ചോയ്യങ്കോട് സ്വദേശി സന്ദീപിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ബാക്കി ഏഴു പേരും വെന്റിലേറ്ററില്‍ തന്നെയാണുള്ളത്.
ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കും
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണു തീരുമാനം. നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ സാഹചര്യത്തില്‍ നാളെ വൈകുന്നേരം നാലിന് നടത്താന്‍ തീരുമാനിച്ചിരുന്ന നീലേശ്വരം ഉത്തര മലബാര്‍ ജലോത്സവം നവംബര്‍ 17ലേക്കു മാറ്റിവച്ചു.
മനുഷ്യാവകാശകമ്മീഷന് കേസെടുത്തു
വെടിക്കെട്ടപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമാണു കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാസര്‍ഗോഡ് ഗവ.ഗസ്റ്റ് ഹൗസില്‍ അടുത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.