ഭിന്നശേഷിക്കാരനായ മകൻ അടങ്ങുന്ന കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു
Thursday, October 31, 2024 12:20 AM IST
ആലുവ: ഭിന്നശേഷിക്കാരനും രോഗിയുമായ മകൻ അടങ്ങുന്ന കുടുംബം ഇല്ലാത്ത സമയത്തു വീട് ജപ്തി ചെയ്ത് അടച്ചുപൂട്ടി.
ആലുവ കീഴ്മാട് മോസ്കോ കോളനിയിൽ വൈരമണിയുടെ വീടാണ് ആലുവ അർബൻ സഹകരണ ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങിയെന്ന പേരിൽ നോട്ടീസ് നൽകാതെ പൂട്ടി സീൽ ചെയ്തത്.
മകന് കഴിക്കാനുള്ള മരുന്നപോലും വീട്ടിൽനിന്ന് എടുക്കാനാകുന്നില്ലെന്ന് വൈരമണിയുടെ ഭാര്യ വൽസല പറഞ്ഞു.
2017ൽ പത്തു വർഷ കാലാവധിക്ക് 10 ലക്ഷം രൂപയാണു വായ്പയെടുത്തത്. ഒമ്പത് ലക്ഷത്തോളം അടച്ചു. പലിശ കണക്കാക്കിയതിലെ പാകപ്പിഴ ചോദ്യം ചെയ്തതിനു ബാങ്ക് നടത്തുന്ന പ്രതികാര നടപടിയാണിതെന്ന് ആലുവയിൽ വസ്ത്രശാല നടത്തുന്ന വൈരമണി ആരോപിച്ചു.
കോവിഡ് കാലത്തു മാത്രമാണ് തിരിച്ചടവിൽ മുടക്കം വന്നത്. കഴിഞ്ഞ ഏഴിന് ജപ്തിക്കു ശ്രമിച്ചതാണെന്നും എതിർത്തതോടെ ബാങ്കധികൃതരും പോലീസ് സംഘവും മടങ്ങിയതാണെന്നും വൈരമണി പറഞ്ഞു.
13 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ജപ്തിനോട്ടീസിൽ പറയുന്നു. ഇതു രണ്ടര ശതമാനം പലിശ വർധിപ്പിച്ച് ഉണ്ടായതാണെന്ന് വൈരമണി ആരോപിച്ചു. വായ്പാകാലാവധി തീരാൻ മൂന്നു വർഷം കൂടിയുണ്ട്.